പാലാ : എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള പാലാ സെന്റ് ജോസഫ്സ്‌ എൻജിനീയറിങ് കോളേജ് ബി.ടെക് പരീക്ഷയിൽ 97 ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 401 കുട്ടികളിൽ 389 പേരും വിജയിച്ചു.

സിവിൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ എൻജിനീയറിങ് എന്നിവയിൽ നൂറു ശതമാനമാണ് വിജയം. ഈ വർഷം 75-ൽപരം കമ്പനിയിൽനിന്നായി 350-ൽപരം തൊഴിലവസരങ്ങളാണ് ഇതുവരെ കാമ്പസ് റിക്രൂട്ട്മെന്റ് വഴി സെന്റ് ജോസഫ്സ്‌ വിദ്യാർഥികളെ തേടിയെത്തിയത്. ഐ.ടി. രംഗത്തെ പ്രമുഖരായ ഇൻഫോസിസ്, ടി.സി.എസ്‌., യു.എസ്.ടി. ഗ്ലോബൽ, സോട്ടി എന്നീ കമ്പനികളും കൂടാതെ ഫെഡറൽ ബാങ്ക്, ഇസാഫ് ബാങ്ക്, ബൈജൂസ് എന്നീ കമ്പനികളിൽനിന്നും മികച്ച സാലറി പാക്കേജോടുകൂടി വിദ്യാർഥികൾക്ക് ജോലി ലഭിച്ചു. എം.ടെക്, എം.ബി.എ., എം.സി.എ. വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി നിരവധി ബഹുരാഷ്ട്ര കമ്പനികൾ എത്തിയത് മറ്റൊരു സവിശേഷതയാണ്.

എൻ.ബി.എ. അക്രഡിറ്റേഷൻ ഉള്ള സെന്റ് ജോസഫ്സ്‌ എൻജിനീയറിങ്‌ കോളേജിൽ വിദ്യാർഥികളെ തേടി നിരവധി കമ്പനികളാണ് എത്തുന്നതെന്ന് കോളേജ് ചെയർമാൻ മോൺ. ഡോ. ജോസഫ് മലേപറമ്പിൽ പറഞ്ഞു. ഉന്നതവിജയം നേടിയ വിദ്യാർഥികളെ കോളേജ് രക്ഷാധികാരി മാർ ജോസഫ് കല്ലറങ്ങാട്ട്, ചെയർമാൻ മോൺ. ഡോ. ജോസഫ് മലേപറമ്പിൽ, മാനേജർ ഫാ. മാത്യു കോരംകുഴ, പ്രിൻസിപ്പൽ ഡോ. ജെ.ഡേവിസ്, വൈസ് പ്രിൻസിപ്പൽ ഡോ. മധുകുമാർ എന്നിവർ അഭിനന്ദിച്ചു.