വൈക്കം: നാട്ടിൽ സംരംഭം തുടങ്ങിയ പ്രവാസിയെ ഇടനിലക്കാർ പറ്റിച്ചു. സർക്കാരിന്റെ വിവിധ വകുപ്പുകൾ വേണ്ട പിന്തുണ നൽകിയുമില്ല. ദുബായിൽനിന്നെത്തി നാട്ടിൽ പശുവളർത്തലും മീൻകുളവും നിർമിച്ച വൈക്കം കുടവെച്ചൂർ തുരുത്തിപ്പള്ളിൽ ഡി.ശിവദാസൻ നായർക്കാണ് ഈ ഗതികേട്. നിലവിൽ 40 ലക്ഷം രൂപയുടെ കടക്കാരനാണ്. പക്ഷേ, പ്രയാസങ്ങളിൽ തോൽക്കാതെ വിജയംവരെ മുന്നോട്ടുപോകാനാണ് തീരുമാനം.

2012-ൽ നാട്ടിലെത്തിയ ശിവദാസൻ നായർ വലിയ പ്രതീക്ഷയോടെയാണ് പത്ത് പശുക്കളുമായി ഫാം തുടങ്ങിയത്. കടം വാങ്ങി 45 ലക്ഷത്തോളം രൂപ മുതൽമുടക്കി തുടങ്ങിയ ഫാമിന് ക്ഷീരവികസന വകുപ്പിൽനിന്ന് കിട്ടിയത് 50,000 രൂപയുടെ സബ്‌സിഡി മാത്രം. പിന്നീട് 10 കിടാരി യൂണിറ്റിന് 1.96 ലക്ഷം രൂപയും സബ്‌സിഡി കിട്ടി.

നല്ല കറവയുള്ള പശുവിനെ വാങ്ങാൻ കൃഷ്ണഗിരിയിൽ പോയ ശിവദാസനെ, കറവയില്ലാത്തതും ചന പിടിക്കാത്തതുമായ പശുക്കളെ നൽകി അവിടത്തെ ഏജന്റ് കബളിപ്പിച്ചു. എട്ടു ലക്ഷം മുടക്കി വാങ്ങിക്കൊണ്ടുവന്ന പത്ത് പശുക്കളിൽ ഒന്നുപോലും പെറ്റില്ല. പിന്നീട് കൊണ്ടുവന്ന പത്ത് കിടാരികളിൽ മൂന്നെണ്ണം മാത്രമേ പെറ്റുള്ളൂ. അടുത്ത തിരിച്ചടി കിട്ടിയത് മീൻവളർത്തലിലാണ്. ഫിഷറീസ് വകുപ്പിന്റെ നിർദേശപ്രകാരം മൂന്ന് ബയോഫ്ളോക്‌ ടാങ്ക്‌ നിർമിച്ച് മത്സ്യകൃഷി തുടങ്ങി. പിന്നീടുണ്ടാക്കിയ പടുതാക്കുളത്തിന് പഞ്ചായത്ത് 28000 രൂപ സബ്‌സിഡി നൽകി. എന്നാൽ ബയോഫ്ളോക്കിന്റെ സബ്‌സിഡിക്കായി ഫിഷറീസ് വകുപ്പിനെ സമീപിച്ചപ്പോൾ ഏഴെണ്ണമുള്ള പദ്ധതിക്കാണ് സബ്‌സിഡിയെന്ന് അറിയിച്ചു. ഇതോടെ ആറു ലക്ഷം രൂപ നഷ്ടം. കടം എങ്ങനെ വീട്ടുമെന്ന ചിന്തയിലാണ് 74 വയസുള്ള ശിവദാസൻ നായർ. 32 പശുക്കളും 10 കിടാരികളുമായി 42 എണ്ണം ഇപ്പോൾ ഫാമിലുണ്ട്. ഭാര്യ ലളിതയുടെ പിന്തുണ എല്ലാത്തിനുമുണ്ട്. മക്കൾ രണ്ടും വിദേശത്താണ്.