കുറവിലങ്ങാട് : സംസ്ഥാനത്ത് കെ.എസ്.ഇ.ബി.യുടെ ആദ്യത്തെ 400 കിലോവോൾട്ട് ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനിൽ സ്ഥാപിക്കാനുള്ള 315 എം.വി.ഐ. ശേഷിയുള്ള രണ്ട് ട്രാൻസ്‌ഫോർമറുകൾ കോഴാ വരെ എത്തി. തെലങ്കാനയിൽനിന്ന് ആഴ്ചകൾക്ക് മുമ്പ് പുറപ്പെട്ട രണ്ട് വലിയ ട്രെയിലർ ലോറികളാണ് കോഴായിൽ എത്തി പാർക്ക് ചെയ്തിരിക്കുന്നത്.

നിർദിഷ്ടസ്ഥലത്ത് എത്താൻ ഇനിയും വൈകും

ഈ മാസം 10-നും 15-നും ഇടയിലുള്ള ഒരു ദിവസം മാത്രമേ നിർദ്ദിഷ്ട സ്ഥലത്തേക്ക് ട്രാൻസ്ഫോർമറുകൾ എത്തൂ. ഈ ദിവസങ്ങളിൽ ട്രാൻസ്‌ഫോർമർ എത്തിക്കാനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. തെലങ്കാനയിൽ ഫാക്ടറിയിൽ നിർമാണം പൂർത്തിയായതോടെ ട്രാൻസ്‌ഫോർമറുകളുമായി വാഹനം പുറപ്പെടുകയായിരുന്നു. അതാണ് നേരത്തെ കോഴാ വരെ എത്തിയത്. വലിയ വാഹനം എത്തിക്കുന്നതിനായി സബ് സ്റ്റേഷൻ നിർമാണം നടക്കുന്ന സ്ഥലത്തേക്കുള്ള വഴി വീതികൂട്ടുന്ന ജോലിയും പുരോഗമിക്കുന്നു. ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കാനുള്ള തറകൾ തയ്യാറായി കഴിഞ്ഞു. ഇനി വലിയ വാഹനത്തിൽ എത്താനുള്ളത് റീയാക്ടർ ആണ്. അത് അവസാനഘട്ടത്തിൽ ഡിസംബർ മാസത്തോടെയേ എത്തിക്കൂ.

റിപ്പബ്ലിക്ദിന സമ്മാനം

2022-ലെ റിപ്പബ്ലിക് ദിനത്തിൽ നാടിന് സമർപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമാണം പുരോഗമിക്കുന്നത്. കുറവിലങ്ങാട്, പകലോമറ്റം ഞരളംകുളം ഭാഗത്താണ് കെ.എസ്.ഇ.ബി. സബ്‌സ്റ്റേഷൻ നിർമിക്കുന്നത്. പതിമൂന്നര ഏക്കർ സ്ഥലത്താണ് വിതരണമേഖലയിൽ സമഗ്രമായ മാറ്റം സൃഷ്ടിക്കുന്ന ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ ഉയരുന്നത്. പവർഗ്രിഡിന്റെ നേതൃത്വത്തിൽ നിലവിൽ തൃശ്ശൂരിൽ സമാനമായ ഒരു സബ്‌സ്റ്റേഷനുണ്ട്.

പരിപാലനച്ചെലവ് ഗണ്യമായി കുറഞ്ഞതും വൈദ്യുതിതടസ്സ സാധ്യതകൾ തീരെക്കുറവായതുമായ സാങ്കേതികവിദ്യയാണ് ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ(ജി.ഐ.എസ്.). നിലവിലെ സബ് സ്റ്റേഷനുകളിൽ വൈദ്യുതി ബ്രേക്കിങ് സംവിധാനങ്ങൾ സ്ഥാപിക്കുന്നത് തുറസ്സായ സ്ഥലങ്ങളിലാണ്. ഇവയ്ക്കിടയിലെ ഇൻസുലേഷൻ അന്തരീക്ഷവായുവാണ്. ഇതിന് ഏറെ സ്ഥലം വേണ്ടിവരും. ജി.ഐ.എസ്. സംവിധാനത്തിൽ ബ്രേക്കിങ് സ്വിച്ചുകൾ സ്ഥാപിക്കുന്നത് അടച്ചിട്ട മുറിയിലാണ്. ഇതിനുള്ളിൽ വാതകം നിറയ്ക്കും. ഇവിടെ സൾഫർ ഹെക്‌സാ ഫ്‌ളൂറൈഡ് ആണ് നിറയ്ക്കുന്നത്.

പ്രസരണനഷ്ടം കുറയും സബ് സ്റ്റേഷൻ പൂർത്തിയാകുമ്പോൾ കൂടംകുളം ആണവ വൈദ്യുതിനിലയത്തിൽനിന്നുള്ള വൈദ്യുതി മധ്യകേരളത്തിലെ വിവിധ ഭാഗങ്ങളിൽ ലഭ്യമാകും. വൈദ്യുതി പ്രസരണനഷ്ടം കുറയ്ക്കാനും വോൾട്ടേജ് വർധിപ്പിക്കാനും പുതിയ സബ് സ്റ്റേഷൻ വഴിയൊരുക്കും. ഒരു വർഷത്തിനുള്ളിൽ സബ് സ്റ്റേഷൻ പൂർത്തിയാകും. പ്രതിവർഷം 1196.5 ലക്ഷം യൂണിറ്റ് പ്രസരണ നഷ്ടം കുറയും. കോട്ടയം ജില്ലയിലെ വോൾട്ടേജ് ഏഴ് മുതൽ എട്ട് ശതമാനം വരെ വർധിക്കും.

വിതരണം ആറ് ഫീഡറുകളിലൂടെ

സബ് സ്റ്റേഷൻ പൂർത്തിയാകുമ്പോൾ കൂടംകുളം ലൈനിൽനിന്ന് വൈദ്യുതി സ്വീകരിക്കും. 220 കെ.വി.യുടെ ആറ് ഫീഡറുകളിലൂടെയാണ് വൈദ്യുതി വിതരണം. ഇതിൽ രണ്ട് എണ്ണം ഏറ്റുമാനൂർ മേഖലയിലേക്കും രണ്ട് എണ്ണം തുറവൂരിലേക്കും ഒന്ന് വീതം പള്ളം, അമ്പലമുകൾ എന്നിവിടങ്ങളിലേക്കും ആണ്.

കോടിയുടെ പദ്ധതി

കോടി രൂപ നിർമാണ െചലവ് കിഫ്ബി സഹായത്തോടെ വൈദ്യുതി ബോർഡ് നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമാണ്. നിർമാണ ചുമതല തോഷിബ കമ്പനിക്കാണ്. തെലങ്കാനയിലുള്ള തോഷിബയുടെ നിർമാണ യൂണിറ്റിൽനിന്നാണ് യന്ത്രഭാഗങ്ങൾ എത്തിക്കുന്നത്.