കുറവിലങ്ങാട് : വേനൽമഴയ്‌ക്കൊപ്പം ആഞ്ഞുവീശിയ കാറ്റ് മേഖലയിൽ വ്യാപക നാശം വിതച്ചു, വെളിയന്നൂർ, ഉഴവൂർ, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളിലെ വിവിധ മേഖലകളിലാണ് കാര്യമായ നാശം ഉണ്ടായത്. 20-ലധികം വീടുകളുടെ മുകളിലേക്ക് മരം വീണു. വൻ മരങ്ങളടക്കം കടപുഴകി വീണു. വൈദ്യുതി തൂണുകൾ മരം വീണ് തകർന്നു. വൈദ്യുതി വിതരണം പൂർണമായും നിലച്ചു. കുര്യനാട് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. ആളപായം ഇല്ല. പ്രധാന റോഡുകളിലടക്കം ഗതാഗതം നിലച്ചു.

വൈകീട്ട് അഞ്ചരയോടെ ആഞ്ഞുവീശിയ കാറ്റിലാണ് നാശം വിതച്ചത്. വൈകിയുണ്ടായ ദുരന്തമായതിനാൽ രക്ഷാപ്രവർത്തനവും ബുദ്ധിമുട്ടിലായിരിക്കുകയാണ്. മാഞ്ചേകരിക്കുന്ന് കോളനിയിലെ വീടുകൾ തകർന്നതോടെ ഇവർ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി. പുതുവേലി, ഉഴവൂർ, മണിയാക്കുപാറ, കുര്യനാട്, പെരുന്താനം, കുറിച്ചിത്താനം, മണ്ണയ്ക്കനാട് തുടങ്ങിയ ഇടങ്ങളിലാണ് കൂടുതൽ നാശം ഉണ്ടായിരിക്കുന്നത്.

മണ്ണയ്ക്കനാട് : മണ്ണയ്ക്കനാട് മഞ്ചേരിക്കുന്ന് കോളിനി ഭാഗം, പടിക്കുഴ, പോക്കാട്, മഞ്ചേരിക്കുന്ന് കോളനി തുടങ്ങിയ ഇടങ്ങളിലാണ് കൂടുതൽ നാശം. കോളനിയിൽ മധുരംക്കാട്ടിൽ സണ്ണി ജോർജ്, പുതുപ്പറമ്പിൽ തങ്കമ്മ രവി, മാഞ്ചേരിക്കുന്നേൽ കാർത്യായനി, കൊച്ചുപറമ്പിൽ വാവ, മുണ്ടിയാങ്കിയിൽ തങ്കമ്മ, വെട്ടിക്കോട്ട് അരുൺ, പടിക്കുഴയ്ക്കൽ ഷാജി എന്നിവരുടെ വീടുകൾക്കാണ് നാശം നേരിട്ടത്.

പടിക്കുഴയ്ക്കൽ ഗവ. ഹോമിയോ ആശുപത്രി മുറ്റത്തെ വൻമരം നിലംപൊത്തി. പടിക്കുഴി ഭാഗത്ത് പുന്നയ്ക്കൽ ജോസിന് കൃഷിനാശം നേരിട്ടു. പടിക്കുഴയ്ക്കൽ ഷാജി, കോഴാ മണ്ണയ്ക്കനാട് കണ്ണന്താനം ജോർജ് എന്നിവരുടെ വീടിന് മുകളിലേക്ക് മരം വീണു. ഗ്രാമപ്പഞ്ചായത്തംഗം ബെനറ്റ് പി.മാത്യുവിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടങ്ങി.

പെരുന്താനം-കുര്യനാട് : ഉഴവൂരിൽനിന്ന് കുര്യനാട് കവലയിലേക്ക് എത്തിയ കാറിന് മുകളിലാണ് മരം വീണത്. മാഞ്ഞൂർ വള്ളോപ്പിള്ളിൽ ജോബി എബ്രാഹം മകനൊപ്പം യാത്രചെയ്യുന്നതിനിടയിലായിരുന്നു അപകടം. കാറിന് നാശം ഉണ്ടായി. അഗ്നിരക്ഷാസേന പ്രവർത്തകർ എത്തി മരം വെട്ടിനീക്കി. തുരുത്തിമറ്റത്തിൽ സുധിക്കുട്ടൻ, മാടപ്പിള്ളിയേൽ സുരേഷ് ഭവനത്തിൽ സുരേഷ്, പെരുന്താനം സ്വദേശി ബാബു, ഉഴവൂർ, ഒറ്റത്തങ്ങാടി-കരയോഗം റോഡിൽ കപ്പിലുമാക്കിൽ സന്തോഷ്, പുതുവേലി നെടുവേലിൽ സുധീർ, പയസ്മൗണ്ട് സുകു എന്നിവരുടെ വീടിന് മുകളിലേക്ക് മരം വീണു.

പെരുന്താനം ത്ലാമറ്റത്തിൽ മത്തച്ചൻ, ജയൻ പൊയ്യാനി, ത്ലാമറ്റത്തിൽ ജോസ്, കിഴക്കേടത്ത് ബാബു, തൊട്ടിയിൽ അവറാച്ചൻ, മറ്റപ്പിള്ളി ഏപ്പ് എന്നിവർക്കും കൃഷി നാശം നേരിട്ടു. മണിയാക്കുപാറ കുരിശുപള്ളിഭാഗത്ത് കുരിശുപള്ളിക്ക് സമീപത്തേക്ക് മരംവീണു. മണിയാക്കുപാറ, താന്നിക്കൽ ഭാഗം, കന്നുംകുളമ്പിൽ ഭാഗം എന്നിവിടങ്ങളിലും കൃഷിനാശം ഉണ്ട്.

ഗതാഗത തടസ്സം

:ഉഴവൂർ-കുര്യനാട് റോഡിൽ മരംവീണ് ഗതാഗതം നിലച്ചു. പെരുന്താനം-പൂവത്തിങ്കൽ റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. കുറിച്ചിത്താനം-വലിയ പാറ റോഡിൽ കുറിച്ചിത്താനം സ്‌കൂളിന് മുന്നിൽ മരംവീണ് ഗതാഗതം പൂർണമായി നിലച്ചു.

വൈദ്യുതി തൂണുകളും മരങ്ങളും റോഡിലേക്ക് വീണതോടെ കുറിച്ചിത്താനം-വലിയപാറ റോഡിലും ഗതാഗതം നിലച്ചു. ഗ്രാമീണ റോഡുകളിലും ഗാതഗത തടസ്സം ഉണ്ടായിട്ടുണ്ട്.

മേയ്ദിനത്തിൽ പുതുവേലിയിൽ ചുഴലിക്കാറ്റ് വീശി വ്യാപക നാശം വിതച്ചിരുന്നു. മരംവീണ് മൂന്ന് തൊഴിലാളികൾ ചികിത്സയിലുമാണ്.