വൈക്കം : സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ വിദ്യാർഥികൾ കൃഷിപാഠം പദ്ധതിയിൽപ്പെടുത്തി നടത്തിയ കരിമീൻ കൃഷിക്ക് മികച്ച വിളവ്.

തലയാഴം പഞ്ചായത്തിലെ രണ്ട് കുളത്തിലാണ് കൃഷി നടപ്പാക്കിയത്. വിദ്യാർഥികൾ പച്ചക്കറി കൃഷി നടത്തി നേടിയ പ്രാവീണ്യം കൈമുതലാക്കിയാണ് മത്സ്യകൃഷിയും നടത്തിയത്.

ശുദ്ധമായ തടാകത്തിൽ മാലിന്യങ്ങൾ കലരാതെ ശ്രദ്ധചെലുത്തിയും കൃത്യമായ അളവിൽ തീറ്റ കൊടുത്തും കൃഷിയെ പരിപോഷിപ്പിച്ചപ്പോൾ അധ്വാനത്തിന് കൃത്യമായ ഫലം കിട്ടി.

ആദ്യ വിളവെടുപ്പിൽ 40,000 രൂപയുടെ കരിമീൻ കിട്ടി. കൃഷി നടത്തിയാലും മത്സ്യകൃഷി നടത്തിയാലും അതിൽനിന്ന്‌ കിട്ടുന്ന വരുമാനങ്ങൾ സ്‌കൂളിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണ് സ്‌കൂളിന്റെ രീതി.

വിളവെടുപ്പ് സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറൽ കൺവീനർ വൈ.ബിന്ദു ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽമാരായ ഷാജി ടി.കുരുവിള, എ.ജ്യോതി, പ്രഥമാധ്യാപിക പി.ആർ.ബിജി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ മഞ്ചു എസ്.നായർ, ടി.പി.അജിത്, അധ്യാപക പ്രതിനിധികളായ െറജി എസ്.നായർ, ജിജി, പ്രീതി വി.പ്രഭ, അമൃത പാർവതി എന്നിവർ പങ്കെടുത്തു.