കറുകച്ചാൽ : പ്രധാന റോഡുകളെല്ലാം പി.ഡബ്ല്യു.ഡി. പതിവായി അറ്റകുറ്റപ്പണി നടത്താറുണ്ട്, പക്ഷേ, കാൽനടയാത്രക്കാർക്ക് പരിഗണനയില്ല. റോഡുകൾക്ക് വീതികൂട്ടി നവീകരിച്ചതോടെ കാൽനടയാത്രികരാണ് ഏറെയും ബുദ്ധിമുട്ടിലായത്. ടാറിങ് ഒഴികെയുള്ള ഭാഗങ്ങളിൽ കാടുംപടർപ്പും നിറഞ്ഞതോടെ റോഡിലൂടെ ഭീതിയോടെ വേണം സഞ്ചരിക്കാൻ. സുരക്ഷയില്ലാത്ത റോഡിലൂടെ രണ്ടും കല്പിച്ച് സഞ്ചരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. കറുകച്ചാൽ-വാഴൂർ റോഡിലാണ് ഏറെയും അപകടസാധ്യതയുള്ളത്. കറുകച്ചാൽ ബസ്‌സ്റ്റാൻഡ് മുതൽ-നെത്തല്ലൂർ കവലവരെ തിരക്കേറിയ ഭാഗമാണ്. അപകടങ്ങൾ പതിവായ ഈ ഭാഗങ്ങളിൽ കാൽനടയാത്ര ഏറെ ബുദ്ധിമുട്ടാണ്. നടപ്പാതകളില്ലാത്തതാണ് പ്രധാന പ്രശ്നം. റോഡിന്റെ ഇരുവശങ്ങളിലും പത്തടിയോളം വീതിയുണ്ടെങ്കിലും ഇവിടെ നടപ്പാതകൾ നിർമിച്ചിട്ടില്ല. ടാറിങ്ങിനോടുചേർന്ന് കാടുംപടർപ്പും നിറഞ്ഞുകിടക്കുകയാണ്. വാഹനങ്ങൾ വരുമ്പോൾ യാത്രക്കാർ റോഡരികിൽ മാറി നിൽക്കേണ്ട സ്ഥിതിയാണ്.

കുറ്റിക്കാടും മൺതിട്ടയും മാത്രം

കോട്ടയം-കോഴഞ്ചേരി റോഡിന്റെ ഭാഗമായ കറുകച്ചാൽ-മല്ലപ്പള്ളി റോഡിന്റെ സ്ഥിതിയാണ് ഏറെ ദുഷ്‌കരം. നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും കുറ്റിക്കാടുകൾ നിറഞ്ഞു. ഉയരത്തിലുള്ള മൺതിട്ടകളിൽ കാടും പടർപ്പും കുറ്റിച്ചെടികളും വളർന്നതോടെ പലയിടങ്ങളിലും എതിരേവരുന്ന വാഹനങ്ങൾപോലും കാണാൻ കഴിയാത്ത സ്ഥിതിയാണ്. വളവുകളിലടക്കം പാഴ്‌മരങ്ങളും കാടും പടർപ്പും നിറഞ്ഞു. കാൽനടയാത്രക്കാർ റോഡിന്റെ വശംചേർന്ന് ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. കറുകച്ചാൽ-മണിമല റോഡിലും ഇതേസ്ഥിതിയാണ്. പതിവായി അപകടങ്ങൾ ഉണ്ടാകുന്ന റോഡുകളിൽ ആവശ്യത്തിന് സുരക്ഷയൊരുക്കാതെയാണ് നിർമിച്ചിട്ടുള്ളത്. കാടും പടർപ്പും നിറഞ്ഞ പാതയോരങ്ങളിൽ ഇന്ന് മാലിന്യംതള്ളുന്നതും പതിവായിരിക്കുകയാണ്. അപകടസാധ്യതയേറിയ പ്രദേശങ്ങളിൽ നടപ്പാതകൾ നിർമിക്കുകയോ, കുറ്റിക്കാടുകളും മൺതിട്ടകളും ഒഴിവാക്കാനോ, അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.