കങ്ങഴ : ഇരുവൃക്കകളും തകരാറിലായ ബിജുവിന്റെ ജീവനായി നാട് കൈ കോർത്തത് രണ്ടുവർഷം മുൻപാണ്. പ്രതിസന്ധികളോട് പടവെട്ടി ജീവിച്ച ബിജു ഇന്ന് കോവിഡ് ബാധിച്ചു മരിച്ചതോടെ ഒരു ഗ്രാമം കണ്ണീരിലായി.

കങ്ങഴ കാരമല കൂവക്കാണ ബിജു (45) വിന്റെ വിയോഗമാണ് നാടിന് തീരാവേദനയായത്. ഇരുവൃക്കകളും തകരാറിലായ ബിജുവിന്റെ ജീവൻ രക്ഷിക്കാൻ രണ്ടുവർഷം മുൻപാണ് കങ്ങഴ കൈകോർത്തത്. അമ്മ സരസമ്മ വൃക്ക നൽകിയെങ്കിലും ചികിത്സയ്ക്കായി 15 ലക്ഷം രൂപയോളം വേണമായിരുന്നു. ഒരു ദിവസം കൊണ്ട് കാരമല ഗ്രാമോദ്ധാരണ ആർട്‌സ് ക്ലബിന്റെ നേതൃത്വത്തിലാണ് വലിയ തുക സമാഹരിച്ചത്. മാസങ്ങൾക്ക് ശേഷം ജീവിതത്തിലേക്ക് തിരികെ എത്തിയ ബിജു കുടുംബം പോറ്റാനായി ഓട്ടോറിക്ഷയുമായി കവലയിലിറങ്ങി.

രണ്ട് പെൺമക്കളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ബിജു. ഒരാഴ്ച മുൻപാണ് കോവിഡ് ബാധിച്ച് ബിജുവിന്റെ ആരോഗ്യനില ഗുരുതരമായത്. മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിയവെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. രോഗത്തോട് പൊരുതി ജീവിച്ച ബിജുവിന്റെ വിയോഗം ഒരു ഗ്രാമത്തെ ആകെ കണ്ണീരിലാഴ്ത്തി.