കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന സർക്കാർ ചൊവ്വാഴ്ച മുതൽ ഞായറാഴ്ചവരെ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ എം.അഞ്ജന അറിയിച്ചു. നിരോധനാജ്ഞ നിലവിലുള്ള സ്ഥലങ്ങളിലും കൺടെയ്ൻമെൻറ് സോണുകളിലും നിലവിലുള്ള അധിക നിയന്ത്രണങ്ങൾ തുടരും.

അധിക നിയന്ത്രണങ്ങൾ

പൊതുജനങ്ങൾ അനാവശ്യമായി വീടിന് പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ ചെയ്യരുത്

റേഷൻകടകൾ ഉൾപ്പെടെ അവശ്യവസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കു മാത്രമാണ് പ്രവർത്തനാനുമതി. റേഷൻ കടകളുടെ പ്രവർത്തനം പൊതുവിതരണ വകുപ്പ് തീരുമാനിക്കുന്ന സമയക്രമം അനുസരിച്ചായിരിക്കും.

അവശ്യവസ്തുക്കൾ വിൽക്കുന്ന മറ്റു വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെയായിരിക്കും..

അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഫോൺ നമ്പർ ഉപഭോക്താക്കളെ അറിയിക്കണം. ആവശ്യക്കാർക്ക് ഈ നമ്പരുകളിൽ വിളിച്ചോ വാട്സാപ് മുഖേനയോ മുൻകൂറായി വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തണം. ഇങ്ങനെ അറിയിക്കുന്നതനുസരിച്ച് പാക്കറ്റുകളിലാക്കി കടകളിൽ എടുത്തുവയ്ക്കുന്ന സാധനങ്ങൾ കടയുടമകൾ അറിയിക്കുന്ന സമയത്ത് ശേഖരിക്കുകയോ ഹോം ഡെലിവറി നടത്തുകയോ ചെയ്യാം. ഈ സംവിധാനത്തിന്‍റെ ഏകോപനം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കണം.

ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം നൽകുന്നതിന് അനുമതിയില്ല. രാവിലെ ഏഴുമുതൽ വൈകുന്നേരം 7.30 വരെ പാഴ്സൽ സർവീസോ ഹോം ഡെലിവറിയോ നടത്താം.

രാത്രി ഒൻപതുമുതൽ രാവിലെ ഏഴുവരെ അനാവശ്യയാത്രകൾ അനുവദിക്കില്ല. ചികിത്സയ്ക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമുള്ള യാത്രകൾക്ക് ഇളവുണ്ട്.

മരണാനന്തര ചടങ്ങുകൾ ഒഴികെ മറ്റൊരു ചടങ്ങുകൾക്കും ഈ മേഖലകളിൽ അനുമതിയില്ല. ചടങ്ങ്‌ നടത്തുന്നതിനു മുൻപ് കോവിഡ് 19 ജാഗ്രത പോർട്ടലിൽ ഇവൻറ് രജിസ്ട്രേഷൻ എന്ന ഓപ്ഷനിൽ രജിസ്റ്റർ ചെയ്യണം.

ആശുപത്രികൾക്കും മെഡിക്കൽ ഷോപ്പുകൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമല്ല.

ജില്ലയിൽ പൊതുവായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഈ മേഖലകളിൽ ബാധകമാണ്.

നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതിന്‍റെ അനിവാര്യത ജനങ്ങളെ അറിയിക്കുന്നതിന് പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അനൗൺസ്മെൻറ് നടത്തും.

ഇൻസിഡൻറ് കമാൻഡർമാർ, സെക്ടർ മജിസ്ട്രേറ്റുമാർ, ചുമതലയുള്ള മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്‍റെയും നിരീക്ഷണം ഈ സ്ഥലങ്ങളിലുണ്ടാകും.

ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരേ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും ഐ.പി.സി. സെക്ഷൻ 188, 269 പ്രകാരവും നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.

 വൈ.എം.സി.എ.യിലെ സപ്ലൈകോ ഗോഡൗൺ കിറ്റ് വിതരണത്തിനുള്ള ലോഡിറക്കുന്നതിന് മുന്നോടിയായി അണുവിമുക്തമാക്കുന്ന നഗരസഭാ ജീവനക്കാരൻകോട്ടയം : ജില്ലയിൽ 1650 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1637 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. നിലവിൽ 16,443 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1,28,502 പേർ കോവിഡ് ബാധിതരായി. 1,11,124 പേർ രോഗമുക്തി നേടി. ആകെ 60,827 പേർ ക്വാറൻറീനിൽ കഴിയുന്നുണ്ട്.

രോഗികളുടെ എണ്ണം കൂടുതലുള്ള തദ്ദേശഭരണ സ്ഥാപനം : കോട്ടയം-287 ,മറവന്തുരുത്ത്-118 ,ചങ്ങനാശേരി-85 ,ഏറ്റുമാനൂർ-76 ,വൈക്കം-48, പാറത്തോട്, പാമ്പാടി-47 ,കരൂർ, കാഞ്ഞിരപ്പള്ളി-45 ,കൂട്ടിക്കൽ-42 ,ചിറക്കടവ്-35, കുറിച്ചി, ആർപ്പൂക്കര-34,തൃക്കൊടിത്താനം-32 ,മുത്തോലി-26.

ഇന്ന്‌ വാക്സിനേഷൻ ഇല്ല

കോട്ടയം : ജില്ലയിൽ ചൊവാഴ്ച കോവിഡ് വാക്‌സിനേഷൻ ഇല്ല. വാക്‌സിൻ ലഭിക്കുന്ന മുറയ്ക്ക് പ്രതിരോധ കുത്തിവെയ്പ് പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.