വൈക്കം : അന്ധകാരത്തോട് വികസനത്തിന് നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ഇതുവരെ തോട്ടിൽ തെളിനീരൊഴുക്കാൻ കഴിഞ്ഞിട്ടില്ല. ഓരോരോ കാലഘട്ടങ്ങളിലും അന്ധകാരത്തോടിന്റെ വികസനത്തിന് പദ്ധതിയുണ്ട്. പക്ഷേ, അതൊന്നും പ്രയോജനപ്പെടുത്താൻ കഴിയാത്തതാണ് പ്രശ്‌നം. തോടിന്റെ ദുരവസ്ഥ പതിറ്റാണ്ടുകളായി നിലനില്ക്കുന്നു. വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്തുകൂടിയാണ് അന്ധകാരത്തോട് ഒഴുകുന്നത്. വൈക്കം സത്യാഗ്രഹസമരചരിത്രത്തിന്റെ ഭാഗംകൂടിയാണ് ഈ തോട്. സത്യാഗ്രഹസമരകാലത്ത് തീണ്ടൽ പലക സ്ഥാപിച്ചത് തോടിന്റെ ഓരത്താണ്.

നഗരമാലിന്യം അന്ധകാരത്തോട്ടിൽ അടിഞ്ഞുകിടക്കുകയാണ്. ഇത് പുറത്തേക്ക് ഒഴുക്കിക്കളയാൻ വഴിച്ചാലൊരുക്കാത്തതാണ് പ്രശ്‌നം. തോട്ടിൽ പെരുകുന്ന അധികജലം പോകാൻ കെ.വി.കനാൽ വഴിയും കണിയാംതോട്‌ വഴിയും വേമ്പനാട്ട് കായലിലേക്ക് രണ്ട് വഴികളുണ്ട്. കൈയേറ്റങ്ങളും നികത്തുംമൂലം തോടിന്റെ വീതിയും ആഴവും കുറഞ്ഞു.

ഇതെല്ലാം തുറക്കുകയും കൈയേറ്റങ്ങൾ ഒഴിവാക്കുകയും ചെയ്താൽ അന്ധകാരത്തോടിനെ പൂർണമായും ശുചീകരിക്കാനും ജനങ്ങളുടെ ദുരിതങ്ങൾ അകറ്റാനും കഴിയും. ഇരുവശങ്ങളിലുമായി ഏതാണ്ട് 200-ഓളം കുടുംബങ്ങളുണ്ട്. മഴ ശക്തമായാൽ തോട്ടിൽ ജലനിരപ്പ് ഉയർന്ന് വെള്ളവും മാലിന്യങ്ങളും സമീപവീടുകളിലേക്ക് കയറുന്നതും ദുരിതമാണ്. ലക്ഷം രൂപയുടെ പദ്ധതി വരും

ആശാംകലുങ്ക് പാലം പൊളിച്ചുമാറ്റി അന്ധകാരത്തോടിലെ തടസ്സങ്ങൾ ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് 33 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. പാലത്തിന് താഴെ നീരൊഴുക്ക് തടയുന്ന ഭാഗം ആഴം കൂട്ടി പുനർനിർമിക്കുന്നതോടെ നിലവിലെ പ്രശ്‌നത്തിന് ഒരുപരിധിവരെ പരിഹാരമാകും. അന്ധകാരത്തോട്ടിൽ നിറയുന്ന അധികജലവും മാലിന്യങ്ങളും കെ.വി.കനാൽ വഴി വേമ്പനാട്ട് കായലിലേക്ക് ഒഴുക്കിക്കളയാൻ നടപടി സ്വീകരിക്കും.

രാധിക ശ്യാം

വാർഡ് കൗൺസിലർ

തോട്ടിൽ തടസ്സം പലത്

മഴ ശക്തമാകുന്ന സമയങ്ങളിൽ തോട് കരകവിഞ്ഞൊഴുകും. തോട്ടിലെ മാലിന്യങ്ങൾ വീടുകളിലേക്ക് തള്ളിക്കയറുന്നു. ഏറ്റവും അപകടകരമായ സ്ഥിതിയാണിത്. തോട് ശരിയായി ഒഴുകിയാൽ ഈവക പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയും. തോടിന്റെ പല ഭാഗങ്ങളിലുമായി ധാരാളം കുഴലുകൾ തലങ്ങും വിലങ്ങും കിടപ്പുണ്ട്. ഇത് ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ചില ഭാഗങ്ങളിൽ അശാസ്ത്രീയമായ രീതിയിൽ കോൺക്രീറ്റ് സ്ലാബുകൾ നിരത്തി മൂടിയിരിക്കുകയാണ്.

സ്റ്റാലിൻ

പരിസരവാസി