കോട്ടയം : അയ്മനം നരസിംഹസ്വാമിക്ഷേത്രഉത്സവത്തിന് 14-ന് കൊടിയേറും. തിരുവോണദിവസമായ 21-ന് വൈകീട്ട് 6.30-നാണ്‌ ആറാട്ട്. 14-ന് വൈകീട്ട് 6.30-ന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി പ്രേംശങ്കർ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ്. 20-ന് രാത്രി എട്ടിന് ക്ഷേത്രമതിൽക്കെട്ടിന് പുറത്തുള്ള കാണിക്കമണ്ഡപത്തിന് സമീപമാണ് പള്ളിനായാട്ട്.

21-ന് രാവിലെ ഏഴുമുതൽ 9.30-വരെ തിരുവോണം തൊഴൽ. നാലുവർഷത്തിലൊരിക്കൽ വരുന്ന നാൾക്കണക്ക് പ്രകാരമാണ് തിരുവോണദിവസം വൈകീട്ട് ആറാട്ടുനടക്കുന്നത്. 21-ന് വൈകീട്ട് 6.30-നാണ് ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ പ്രത്യേകം തയ്യാറാക്കുന്ന ജലദ്രോണിയിൽ അയ്മനത്തപ്പന്റെ വിധിപ്രകാരമുള്ള ആറാട്ടുചടങ്ങുകൾ.കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി പാലിച്ച് താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾ മാത്രമായിരിക്കും ഉണ്ടാവുകയെന്ന് കോട്ടയം ദേവസ്വം അസിസ്റ്റൻറ് കമ്മിഷണർ മുരാരി ബാബു, അയ്മനം സബ് ഗ്രൂപ്പ് ഓഫീസർ കെ.സന്തോഷ് കുമാർ എന്നിവർ പറഞ്ഞു.