വൈക്കം : വ്രതശുദ്ധിയോടെയെത്തിയ ഭക്തർ വൈക്കത്തഷ്ടമി ഉത്സവത്തിലെ ആദ്യ ഉത്സവബലി തൊഴുതു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വെർച്വൽ ക്യൂ സംവിധാനത്തിൽ ബുക്ക് ചെയ്തവർക്കാണ് ദർശന സൗകര്യം നൽകിയത്. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശമുണ്ടായിരുന്നു.
അഷ്ടമി ഉത്സവത്തിലെ ഏറ്റവും പ്രാധാന്യമുള്ള താന്ത്രിക ചടങ്ങാണ് ഉത്സവബലി ദർശനം. അഷ്ടദിക്ക്പാലകന്മാർക്കും ഭൂതഗണങ്ങൾക്കും ഹവിസ്സ് ബലി അർപ്പിക്കുന്ന ചടങ്ങാണ് ഉത്സവബലിയുടെ പ്രത്യേകത. നാലമ്പലത്തിനകത്ത് തെക്കുവശത്ത് നെടുമ്പുരകെട്ടിയാണ് ചടങ്ങ് നടത്തുന്നത്.
നെറ്റിപ്പട്ടവും സ്വർണ്ണക്കുടവും െവച്ച് വെള്ളിവിളക്കുകൾ നിരത്തി പുഷ്പാലങ്കാരങ്ങളോടെ വൈക്കത്തപ്പന്റെ സ്വർണത്തിടമ്പ് അലങ്കരിച്ച് വെച്ചാണ് ഉത്സവബലിയുടെ ചടങ്ങുകൾ നടത്തിയത്. മരപ്പാണി കൊട്ടി ഹവിസ്സ്ബലി തൂകിയാണ് ചടങ്ങ് തുടങ്ങിയത്. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, മേക്കാട്ടില്ലത്ത്് ചെറിയ മാധവൻ നമ്പൂതിരി, മേൽശാന്തിമാരായ ആദിത്യൻ ദാമോദരൻ നമ്പൂതിരി, അനൂപ് എസ്. നമ്പൂതിരി, ടി.ഡി. ശ്രീധരൻ നമ്പൂതിരി, കീഴ്ശാന്തിമാരായ എറാഞ്ചേരി ദേവൻ നമ്പൂതിരി, തൈ ഇല്ലത്ത് വൈശാഖ് നമ്പൂതിരി, കൊളായി അർജുൻ നമ്പൂതിരി, പാറൊളി ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊളായി നാരായണൻ നമ്പൂതിരി എന്നിവർ കാർമ്മികരായിരുന്നു.
അഷ്ടമി ഉത്സവത്തിന്റെ 5, 6, 8, 11 ദിവസങ്ങളിലാണ് ഉത്സവബലിദർശനം. ഹവിസ്സ്ബലിയുടെ ചടങ്ങുകൾ പൂർത്തിയാക്കിയശേഷം വൈക്കത്തപ്പന്റെ സ്വർണത്തിടമ്പ് ആനപ്പുറത്ത് എഴുന്നള്ളിച്ചു. അനുഷ്ഠാനവാദ്യങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് അഞ്ച് പ്രദക്ഷിണം വെച്ചു.