വൈക്കം : അഷ്ടമി ഉത്സവാഘോഷത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെർച്വൽ ക്യൂ സംവിധാനത്തിൽ ദർശന സൗകര്യം ലഭിച്ച ഭക്തർക്ക് എല്ലാ സഹായവും ചെയ്ത് കൊടുക്കുമെന്ന് ഡിവൈ.എസ്.പി. സി.ജി.സനിൽകുമാർ അറിയിച്ചു.
ശ്രദ്ധിക്കാൻ
ദർശനത്തിനെത്തുന്ന ഭക്തർ കിഴക്കേ ഗോപുരനടയിലെത്തി സാമൂഹിക അകലം പാലിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കണം. ദർശനം നടത്തിയശേഷം, ശ്രീകോവിലിന്റെ വടക്കേ വാതിൽവഴി പുറത്തേക്കിറങ്ങി വടക്കേ ഗോപുരനട വഴി പ്രധാന റോഡിലേക്കിറങ്ങണം.
ഭക്തജനങ്ങളെ നിയന്ത്രിക്കുന്നതിനായി കിഴക്കേ ഗോപുരനട മുതൽ വടക്കേ ഗോപുരനട വരെ ബാരിക്കേഡ് ഒരുക്കിയിട്ടുണ്ട്. നടപ്പാതകളിൽ സാനിറ്റൈസർ ഉപയോഗിക്കുവാനുള്ള സൗകര്യവും ഉണ്ട്.
നഗരസഭയുടെ നേതൃത്വത്തിൽ ക്ഷേത്രമതിൽക്കകം ചൊവ്വാഴ്ച അണുവിമുക്തമാക്കി. വെർച്വൽ ക്യൂ സംവിധാനത്തിൽ ബുക്കുചെയ്യാൻ പറ്റാതെവന്ന, മൊബൈൽ ഫോണില്ലാത്ത ഭക്തജനങ്ങൾക്ക് ദർശന സമയം കഴിഞ്ഞുള്ള ഇടവേളകളിൽ കൊടിമരച്ചുവട്ടിൽ ദർശനം നടത്താനുള്ള സൗകര്യത്തെക്കുറിച്ച് അധികാരികളുമായി കൂടിയാലോചന നടത്തുമെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. ദർശനത്തിനെത്തുന്ന ഭക്തരെ നിരാശപ്പെടുത്തുന്ന ഒരു നടപടിയും ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നത്. കിഴക്കേ ഗോപുരനടയിൽ ഭക്തജനങ്ങൾ ദർശനത്തിനായി കാത്തുനിൽക്കുന്നതുകൊണ്ട് അവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
വടക്കേനട ശ്രീകൃഷ്ണസ്വാമി ക്ഷേത്രകവാടം മുതൽ വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ അലങ്കാര ഗോപുരം വരെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഇതിനായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. വാഹനത്തിലെത്തുന്ന ഭക്തർ വടക്കേ ഗോപുരനടയിലുള്ള ദേവസ്വം ബോർഡ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. കൂടുതൽ വാഹനങ്ങൾ എത്തിയാൽ വേമ്പനാട് കായലിന്റെ തീരത്തുള്ള നഗരസഭ ബീച്ചിൽ പാർക്കിങ് സൗകര്യം ഒരുക്കും. നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണത്തിനും സംവിധാനം ഒരുക്കും. രാവിലെയും വൈകീട്ടും ദർശന സമയങ്ങളിൽ പ്രവേശിക്കുന്ന ഭക്തർ സാമൂഹിക അകലവും കോവിഡ് മാനദണ്ഡങ്ങളും പാലിക്കണം.
സഹായം ഉറപ്പ്
കിഴക്കേ ഗോപുരനടയിലും വടക്കേ ഗോപുരനടയിലും ഭക്തർക്ക് സഹായവുമായി കൂടുതൽ പോലീസുകാരുണ്ടാകും. ആരെയും നൊമ്പരപ്പെടുത്തുന്ന ഒരു ചെയ്തികളും ഉണ്ടാകാതിരിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. എസ്.ഐ. കെ.വി. സന്തോഷിനെ ക്ഷേത്രത്തിനുള്ളിൽ നിയമിച്ചിട്ടുണ്ട്. വടക്കുവശത്ത് ഊട്ടുപുര മാളികയുടെ സമീപത്ത് പോലീസ് എയ്ഡ് പോസ്റ്റ് ബുധനാഴ്ച മുതൽ പ്രവർത്തനം തുടങ്ങും. സർക്കിൾ ഇൻസ്‌പെക്ടർ എസ്. പ്രദീപിന്റെ നേതൃത്വത്തിൽ ആവശ്യമായ പോലീസിനെ പ്രധാന മേഖലകളിൽ വിന്യസിപ്പിക്കും.
ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.ആർ.ബിജു, ഉപദേശക സമിതി ഭാരവാഹികളായ എ.ജി.ചിത്രൻ, ഗിരീഷ് ജി. നായർ, ഗ്രേഡ് എസ്.ഐ. കെ.വി. സന്തോഷ്, വെർച്വൽ ക്യൂ ഏരിയാ മാനേജർ ടി.എസ്.അരുൺ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.