പൂവത്തിളപ്പ് : കെ.ആർ.നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലൂടെ ഇന്ത്യ മുഴുവനും അറിയപ്പെടുന്ന പഞ്ചായത്താണ് അകലക്കുന്നം.
കോവിഡ് പ്രതിരോധത്തിൽ മറ്റ് പഞ്ചായത്തുകൾക്ക് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടും ചില അടിസ്ഥാനപ്രശ്‌നങ്ങൾ ബാക്കിയാവുന്നു. ഗ്രാമപ്പഞ്ചായത്തിന്റെ വികസനപ്രശ്‌നങ്ങളെക്കുറിച്ച് ജനം പ്രതികരിക്കുന്നു.
കുടിവെള്ളപ്രശ്‌നം പരിഹരിക്കണം
അടിയന്തരപ്രാധാന്യം കൊടുക്കേണ്ട വിഷയം കുടിവെള്ളപ്രശ്‌നമാണ്. പല കുടിവെള്ള പദ്ധതികളുണ്ടെങ്കിലും എല്ലാവർക്കും പ്രയോജനം ലഭിക്കുന്നില്ല. ഗ്രാമീണ റോഡുകളിൽ വഴിവിളക്കുകൾ സ്ഥാപിക്കണം. തെളിയാത്ത വിളക്കുകൾ നന്നാക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമാണ് ഇപ്പോൾ ശേഖരിക്കുന്നത്. മറ്റു മാലിന്യങ്ങൾ ശേഖരിക്കാനുള്ള നടപടിയുണ്ടാകണം. കർഷകർക്കുവേണ്ട സേവനങ്ങളോ പ്രോത്സാഹനങ്ങളോ കൃത്യമായി ലഭിക്കുന്നില്ല.
ജനപ്രതിനിധികൾ പരാജയപ്പെടുന്നു
സർക്കാർ സഹായങ്ങൾ താഴെക്കിടയിൽ എത്തിക്കുന്നതിൽ ജനപ്രതിനിധികൾ പരാജയപ്പെടുന്നു. തന്മൂലം ഗ്രാമപ്പാഞ്ചായത്തിൽനിന്ന് ജനങ്ങൾക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ആളുകളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ആവശ്യമായ സ്ഥാപനങ്ങളൊന്നും നിലവിലില്ല. വീടും സ്ഥലവും ഇല്ലാതെ കഷ്ടപ്പെടുന്ന ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കണം. ഗ്രാമീണറോഡുകൾ കൃത്യമായി പുനരുദ്ധരിക്കപ്പെടണം. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ കുടിവെള്ളപ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം.
മാലിന്യപ്രശ്നം പരിഹരിക്കണം
പഞ്ചായത്തിലെ മാലിന്യസംസ്‌കരണത്തിന് കൃത്യമായ സംവിധാനങ്ങൾ നിലവിലില്ല. കുട്ടികളുടെ ഓൺലൈൻ പഠനസൗകര്യത്തിനായി ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ ലഭ്യമാക്കണം. വേനൽ കടുക്കുമ്പോൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണം. പഞ്ചായത്തിലെ വായനശാലകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം.
മണൽ ജങ്ഷൻ ഉൾപ്പെടെ മറ്റ് പല പ്രദേശങ്ങളിലും ബസ് കാത്തിരുപ്പുകേന്ദ്രങ്ങൾ സ്ഥാപിക്കണം. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പൊതുശുചിമുറികൾ സ്ഥാപിക്കണം. ഏറ്റവും ജനസാന്ദ്രതയുള്ള മണൽ ജങ്ഷനിൽ ഒരു സർക്കാർ സ്ഥാപനം പോലും നിലവിലില്ല.