ഈരാറ്റുപേട്ട : ഈരാറ്റുപേട്ട-പാലാ റോഡിൽ പനയ്ക്കപ്പാലത്ത് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ തീരുമാനമായി. മാണി സി.കാപ്പൻ എം.എൽ.എ.യുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും നിർദേശത്തെ തുടർന്ന് പനയ്ക്കപ്പാലത്തെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് തുടങ്ങിയവർ റോഡിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തി.

നിലവിൽ അനുവദിച്ചിരിക്കുന്ന നാലുകോടി രൂപയുടെ നിർമാണത്തിൽ ബസ് ബേ ഉൾപ്പെടെയുള്ള കാര്യങ്ങൾ ക്രമീകരിക്കാനും തീരുമാനിച്ചു. ബസ് ബേയോടൊപ്പം നടപ്പാതകൂടി നിർമിക്കാൻ ജില്ലാ പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച്‌ പനയ്ക്കപ്പാലം ടൗൺ വികസനം പൂർത്തീകരിക്കും. പനയ്ക്കപ്പാലത്ത് പുതിയ പാലം നിർമിക്കാനും വെള്ളം കയറുന്ന പ്രദേശങ്ങളായ പനയ്ക്കപ്പാലം, കീഴമ്പാറ, അമ്പാറ, ദീപ്തി, കുന്നേമുറിപ്പാലം, കൊച്ചിടപ്പാടി, ചെത്തിമറ്റം തുടങ്ങിയ പ്രദേശങ്ങളിൽ റോഡ് ഉയർത്തി വീതികൂട്ടി നിർമിക്കുന്നതിനും എസ്റ്റിമേറ്റ് തയ്യാറാക്കാനും തീരുമാനമായി.