കോട്ടയം : കർക്കടകപ്പാതിയിൽ മുൻകാലങ്ങളിൽ കരകവിഞ്ഞൊഴുകാറുള്ള മീനച്ചിലാറിന്റെ പടിഞ്ഞാറൻ കൈവഴികളിലും ഇടതോടുകളിലും ജലനിരപ്പ് താഴ്ന്നു തെളിനീരായി.

കലക്കലും കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കും പ്രളയഭീതിയും പതിവുള്ള കർക്കടകത്തിൽ ഇക്കുറി ഇടവിട്ട മഴയും വെയിലും ആയതോടെ പുഴകളിൽ നീരൊഴുക്ക് മന്ദഗതിയിലാണ്. ദിവസേനയെന്നവണ്ണം ജലനിരപ്പ് താഴുന്ന സ്ഥിതിയാണ്. മീനച്ചിലാറ്റിലും കൈവഴികളായ കവണാർ, പെണ്ണാർ, കൈപ്പുഴയാർ, ചീപ്പുങ്കൽ തോട്, കല്ലുമടയാർ, പ്രാപ്പുഴ, എന്നിവിടങ്ങളിലും ഇടതോടുകളിലും ഇതേസ്ഥിതിയാണ്.

അപ്പർകുട്ടനാടൻ മേഖലയിൽ നെൽക്കൃഷിക്ക് വളരെ അനുകൂല കാലാവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് കർഷകർ പറയുന്നു.

ചില വർഷങ്ങളിൽ കർക്കടകത്തിൽ മഴ മാറിനിന്ന് ഇതേ കാലാവസ്ഥ അനുഭവപ്പെട്ടിട്ടുണ്ട്. ഓണക്കാലമാവുകയാണ്. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇനി ഒരു പ്രളയഭീഷണികൂടി ഉണ്ടാവരുതേ എന്നാണ് പടിഞ്ഞാറൻ മേഖലയുടെ പ്രാർത്ഥന.മീനച്ചിലാറിന്റെ കോട്ടയം നഗരപ്രാന്തത്തിലും ജലവിതാനം താഴ്ന്ന് ഒഴുക്ക് മന്ദഗതിയിലാണ്. .