പാലാ : മീനച്ചിൽ വാർഡിൽ ആരു വിജയിക്കുമെന്ന് ചോദിച്ചാൽ മറുചോദ്യമുയരും. മീനച്ചിലിലെ മീനച്ചിലോ മുത്തോലിയിലെ മീനച്ചിൽ വാർഡിലോ എന്നായിരിക്കും ചോദ്യം.
മീനച്ചിൽ ഗ്രാമത്തെ നെടുകെ പകുത്താണ് മീനച്ചിൽ പഞ്ചായത്തിന്റെയും മുത്തോലി പഞ്ചായത്തിന്റെയും അതിർത്തികൾ കടന്നുപോകുന്നത്.
മീനച്ചിൽ പഞ്ചായത്തിലെ മീനച്ചിൽ 13-ാം വാർഡാണ്. മുത്തോലി പഞ്ചായത്തിലെ മീനച്ചിൽ എട്ടാം വാർഡും.
രണ്ടിടങ്ങളിലും തീപാറുന്ന പോരാട്ടമാണ് മൂന്നു മുന്നണികളും നടത്തുന്നത്. മീനച്ചിൽ പഞ്ചായത്തിലെ മീനച്ചിലിൽ മേഴ്‌സി ബാബു(യു.ഡി.എഫ്.), ലിൻസി മാർട്ടിൻ(എൽ.ഡി.എഫ്.), സജിത സജി(എൻ.ഡി.എ.) എന്നിവരാണ് സാരഥികൾ. മുത്തോലി പഞ്ചായത്തിലെ മീനച്ചിലിൽ സൂസി മാത്യു(യു.ഡി.എഫ്.), കവിതാ രാജീവ്(എൽ.ഡി.എഫ്.), ജയശ്രീ എം.പി.(എൻ.ഡി.എ.) എന്നിവരാണ് സാരഥികൾ.