കറുകച്ചാല്‍: അഞ്ചുമിനുട്ടുകൊണ്ട് 50 പ്രശസ്ത വ്യക്തികളുടെ കാരിക്കേച്ചര്‍ വരച്ച് ലോക റെക്കോഡിന് ഉടമയായ അഡ്വ. എസ്.ജിതേഷ് താഴത്തുവടകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വരയും വാക്കുകളും സമന്വയിപ്പിച്ച വിനോദ വിജ്ഞാനകലാരൂപം അവതരിപ്പിച്ചപ്പോള്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കൈയടിച്ച് ആര്‍ത്തുവിളിച്ചു.
മാതൃഭൂമി മധുരം മലയാളം പരിപാടിയുടെ ഭാഗമായി താഴത്തുവടകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയ ജിതേഷ് അതിവേഗത്തില്‍ ഏതാനും വരകളിലൂടെ പ്രശസ്തരെ വരയ്ക്കുന്നതിനോടൊപ്പം കുട്ടികള്‍ക്ക് അറിവുനല്‍കുന്ന 'ഇന്‍ഫോടൈം' പരിപാടിയായി മാറ്റി വരയരങ്ങ് ആകര്‍ഷണീയമാക്കി. പൊതുവിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍പ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരംപറയുന്ന കുട്ടികള്‍ക്ക് മാതൃഭൂമി നല്‍കുന്ന ജനറല്‍നോളജ് പതിപ്പ് സമ്മാനമായും നല്‍കി.
കെ.കരുണാകരന്‍, വി.എസ്.അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, എ.കെ.ആന്റണി, ഇ.കെ.നായനാര്‍, എ.ബി.വാജ്‌പേയ്, മന്‍മോഹന്‍സിങ് തുടങ്ങിയ രാഷ്ട്രീയനേതാക്കളുടെയും മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, ഭഗത്സിങ് തുടങ്ങിയവരുടെ കാര്‍ട്ടൂണുകളും നിമിഷങ്ങള്‍ക്കകം വരച്ചു.
മോഹന്‍ലാല്‍, അമിതാബ് ബച്ചന്‍, മാമുക്കോയ, രജനീകാന്ത്, സുര്യ തുടങ്ങിയ സിനിമാതാരങ്ങളെയും മഹാകവി ടാഗോര്‍ മുതല്‍ പ്രശസ്തരായ സാഹിത്യകാരന്മാരെയും ഞൊടിയിടയില്‍വരച്ച് വരയരങ്ങില്‍ വിസ്മയംതീര്‍ത്തു. ഏഴ് എഴുതി രവീന്ദ്രനാഥടാഗോറിന്റെ ചിത്രം പൂര്‍ത്തിയാക്കി. കുട്ടികളെക്കൊണ്ട് നൃത്തവും ചെയ്യിപ്പിച്ചാണ് പരിപാടികള്‍ സമാപിച്ചത്. പത്തനംതിട്ട നരിയാപുരം സ്വദേശിയാണ് അഡ്വ. എസ്.ജിതേഷ്.
മാതൃഭൂമി മധുരംമലയാളം പരിപാടികള്‍ക്കായി കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി ആയിരത്തിലധികം വരയരങ്ങ് ഇതിനകം അവതരിപ്പിച്ചു.