mother

ചെമ്മനത്തുകര കൃഷ്ണാലയത്തില്‍ എം.എന്‍.ലളിതയും
മകന്‍ ഋഷി കൃഷ്ണനുംകടുത്തുരുത്തി
സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി
സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ എത്തുന്നു

വൈക്കം: അമ്മയും മകനും ഒരേ സ്‌കൂളില്‍ പഠനം നടത്തി ഒരേസെന്ററില്‍ തൊട്ടടുത്ത ബെഞ്ചുകളിലിരുന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുന്നു. ചെമ്മനത്തുകര കൃഷ്ണാലയത്തില്‍ 64-കാരിയായ എം.എന്‍.ലളിതയും 25-കാരനായ മകന്‍ ഋഷി കൃഷ്ണനുമാണ് പരീക്ഷാ സെന്ററില്‍ ഒന്നിച്ചെത്തിയത്.

കേരള സര്‍ക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പാക്കുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാകേന്ദ്രത്തില്‍ പഠനം പൂര്‍ത്തിയാക്കിയാണ് ഇരുവരും ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് എത്തിയത്. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സെന്ററിലാണ് അമ്മയും മകനും തുല്യതാ പരീക്ഷ എഴുതുന്നത്. ഒന്‍പതാംക്ലാസില്‍ പരാജയപ്പെട്ട ലളിത പിന്നീട് സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച് എസ്.എസ് എല്‍.സി. പാസായി. തുടര്‍പഠനം ആഗ്രഹിച്ചെങ്കിലും സാഹചര്യമുണ്ടായില്ല. പഠിക്കാനുള്ള ആഗ്രഹവും സ്വപ്നവും ലളിതയുടെ മനസ്സില്‍ ചിതലരിക്കാതെ കിടന്നു. വിവാഹം കഴിഞ്ഞ് രണ്ടുകുട്ടികളുടെ അമ്മയായശേഷം 64-ാം വയസ്സില്‍ നെഞ്ചിലേറ്റിയ സ്വപ്നം സഫലമാക്കാനാണ് ലളിത പഠനക്കളരിയിലെത്തിയത്.

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഇംഗ്ലീഷില്‍ തോറ്റ റൃഷി കൃഷ്ണന്‍ സാക്ഷരതാ മിഷന്‍ പഠനത്തിലൂടെയാണ് തയ്യാറെടുത്തത്. വൈക്കം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ലളിതയ്ക്കും മകന്‍ റൃഷി കൃഷ്ണനും ക്ലാസൊരുക്കിയത്. ഒന്നാംവര്‍ഷ പരീക്ഷയില്‍ ഏറ്റവുംകൂടുതല്‍ മാര്‍ക്കുവാങ്ങിയ പഠിതാവാണ് ലളിത. സാമൂഹിക പ്രവര്‍ത്തകയും കുടുംബശ്രീ പ്രവര്‍ത്തകയുമാണ് ലളിത.

 

Content Highlights: mother and son writes higher secondary exam together