വൈക്കം: രോഗമില്ലാത്ത ജീവിതം. അതിനുവേണ്ടിയാണ് വൈക്കം ടി.വി.പുരം പരുവെയ്ക്കല്‍ പ്രേംലാല്‍ (38) ജൈവകര്‍ഷകനായത്. എന്‍ജിനീയറിങ് ബിരുദം മാറ്റിവെച്ച് സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചായിരുന്നു ഈ വഴിമാറ്റം.

ജൈവക്കൃഷി പ്രചാരണത്തിന് വൈക്കത്ത് അനാമയ എന്ന ഓര്‍ഗാനിക് ക്ലബ്ബ് സ്ഥാപിക്കാനും നേതൃത്വം നല്‍കി. ഇപ്പോള്‍ അതിന്റെ ജനറല്‍ സെക്രട്ടറിയുമാണ്.

ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് കഴിഞ്ഞ് ബെംഗളൂരുവില്‍ സ്വകാര്യകമ്പനിയില്‍ ജോലി ലഭിച്ചതാണ്. തൃപ്തി തോന്നിയില്ല.

നാട്ടില്‍ ജോലി നേടുന്നതിന് ശ്രമിച്ചു. ഇവിടെ സിവില്‍ പോലീസ് ഓഫീസറായി. അഞ്ചുവര്‍ഷം ജോലി ചെയ്തു. കൃഷിയാണ് തന്റെ വഴിയെന്ന് അപ്പോഴും മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. ജോലി രാജിവെച്ചു.

ജൈവക്കൃഷിയാണ് തുടങ്ങിയത്. തുടര്‍ന്നാണ് അതിന്റെ പ്രചാരണത്തിന് ക്ലബ്ബ് സ്ഥാപിച്ചത്. ഇന്ന് ഇതിനോട് ചേര്‍ന്ന് ഓര്‍ഗാനിക് സെന്ററും പ്രവര്‍ത്തിക്കുന്നു.

സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി. ഇതിന് ക്ലബ്ബംഗങ്ങളുടെയെല്ലാം സഹായം ഉണ്ട്. പച്ചക്കറി വിത്തുകള്‍, ജൈവവളങ്ങള്‍, പച്ചക്കറി തൈകള്‍, ഗ്രോബാഗ്, ജൈവകീടനാശിനി, അടുക്കളത്തോട്ടം കിറ്റ്, അക്വാപോണിക്ക്‌സ് സംവിധാനം എന്നിവ സെന്ററിലൂടെ വില്‍ക്കുന്നു. ഇതില്‍നിന്നുള്ള ലാഭമാണ് പ്രേംലാലിന്റെയും വരുമാനം.

ഡോ.സുരേഷ്, റിട്ട. പ്രൊഫ. ഡോ.എന്‍.കെ.ശശിധരന്‍, ഡോ.സജീവ്കുമാര്‍, കെ.വി.ദയാല്‍ എന്നിവരാണ് ഉപദേശകര്‍. കഴിഞ്ഞവര്‍ഷം പ്രേംലാലിന്റെ നേതൃത്വത്തില്‍ നിയമസഭാസാമാജികര്‍ക്ക് കളസദ്യ ഒരുക്കിയിരുന്നു.

കോട്ടയം ജില്ലയിലെ വിവിധഭാഗങ്ങളിലായി 3000-ത്തോളം അംഗങ്ങളുണ്ട് ക്ലബ്ബിന്. ജൈവക്കൃഷി വ്യാപനവും അതിലൂടെ നല്ല ഭക്ഷണം ശീലമാക്കുന്ന ജനതയെ സൃഷ്ടിക്കുകയുമാണ് ക്ലബ്ബിന്റെ ലക്ഷ്യം.

ആഹാരം തന്നെ ഔഷധം എന്ന പ്രചാരണത്തിനും ക്ലബ്ബ് തുടക്കമിട്ടു. ഇതുവരെ 480 ജൈവക്കൃഷി ബോധവത്കരണ ക്ലാസുകള്‍ നടത്തി.

ക്ലബ്ബില്‍ അംഗമാകുന്നവരുടെ വീട്ടില്‍ ജൈവക്കൃഷിചെയ്യുന്നതിനുള്ള എല്ലാ സാമഗ്രികളും എത്തിച്ചുനല്‍കും. വീട്ടാവശ്യത്തിന് എടുത്തശേഷം മിച്ചംവരുന്ന പച്ചക്കറികള്‍ അനാമയയുടെ വൈക്കത്തെ സെന്ററില്‍ വില്‍ക്കും.

ജൈവപച്ചക്കറികൃഷി, ജൈവനെല്ല്കൃഷി, ശുദ്ധജല മത്സ്യക്കൃഷി എന്നിവയിലും അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നു.

സാധാരണ കര്‍ഷകരില്‍നിന്നാണ് പ്രേംലാല്‍ നാട്ടറിവുകള്‍ നേടുന്നത്. അതിനായി കേരളത്തിന് പുറമേ, ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ കര്‍ഷകരുടെ കൂടെ താമസിച്ചു. നിരവധി നാടന്‍ വിത്തിനങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞെന്നും ഇദ്ദേഹം പറയുന്നു. ജൈവക്കൃഷി വ്യാപനത്തിന് പിന്തുണയുമായി, ഭാര്യ മായയും എട്ടു വയസ്സുള്ള മകന്‍ നന്ദുകൃഷ്ണയും കൂടെയുണ്ട്.

30 നെല്ലിനങ്ങളും അന്യംനില്‍ക്കുന്നവിത്തുകളും സ്വന്തം 30 ഇനം നെല്ല് വിത്തുകള്‍, നൂറ് നാടന്‍പയര്‍വിത്തുകള്‍, നൂറ് നാടന്‍ വെണ്ട വിത്തുകള്‍ തുടങ്ങിയവ പ്രേംലാല്‍ ശേഖരിച്ച് സംരക്ഷിക്കുന്നു. അവയുടെ വിത്തുകള്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നു.

അന്യംനില്‍ക്കുന്ന നല്ല നാടന്‍വിത്തുകളെല്ലാം ശേഖരിക്കുകയാണ് ലക്ഷ്യം. ആന്‍ഡമാന്‍ നിക്കോബറില്‍ കാണുന്ന, ബീറ്റാകരോട്ടിന്‍ കൂടുതലുള്ള ഗാക്ക് എന്ന പാവല്‍, വടക്കേഇന്ത്യയിലെ ഗന്റോല പാവല്‍ തുടങ്ങിയവയും ഈ ശേഖരത്തിലുണ്ട്.