ഉരുളികുന്നം: ഐശ്വര്യഗന്ധര്‍വ സന്നിധിയിലെ യജ്ഞശാലയില്‍ ഗന്ധര്‍വ കളമെഴുതി ഭഗവാന്റെ വിശ്വരൂപത്തിനു മുന്‍പില്‍ ഗന്ധര്‍വന്‍പാട്ടും നടത്തി. കണിച്ചുകുളങ്ങര ഉണ്ണിക്കൃഷ്ണന്‍ ജ്യോത്സ്യരും കെ.ആര്‍.ശശീന്ദ്രനും സംഘവുമാണ് അവതരിപ്പിച്ചത്.

ഉണ്ണിക്കൃഷ്ണന്റെ മകന്‍ ഗോകുല്‍കൃഷ്ണ ജ്യോത്സ്യരുടെ നേതൃത്വത്തില്‍ മഹേശ്, അമ്പാടി എന്നിവര്‍ ചേര്‍ന്നാണ് ഐശ്വര്യഗന്ധര്‍വനും കാന്ത സുന്ദരയക്ഷിയും പച്ചക്കുതിരപ്പുറത്തേറി ആകാശസഞ്ചാരം നടത്തുന്ന രൂപം കളത്തിലെഴുതിയത്. പ്രകൃതി ദത്തമായ പഞ്ചവര്‍ണത്തിലുള്ള കളത്തില്‍ അരിപ്പൊടിയും നീലവും ചേര്‍ത്ത് നക്ഷത്രങ്ങളും പൂര്‍ണചന്ദ്രനും പ്രഭ ചൊരിയുന്ന നീലാകാശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരമ്പരാഗത കളം.

തലമുറകളായി പകര്‍ന്നുപോരുന്ന സ്തുതികളാണ് നന്തുണി(ഉടുക്ക്) താളത്തിനൊപ്പം ഭക്തിപുരസ്സരം അവതരിപ്പിച്ചത്. ഗന്ധര്‍വനും സുന്ദരയക്ഷിയും ചേര്‍ന്നുള്ള ശൃംഗാര രസപ്രധാനമായ ഭാവങ്ങളും ഐശ്വര്യമേകുന്നതിനുള്ള പ്രാര്‍ഥനകളും ഉള്‍ക്കൊള്ളുന്ന ഗന്ധര്‍വന്‍പാട്ടും കളമെഴുത്തും ദര്‍ശിക്കാന്‍ ഞായറാഴ്ച രാത്രിയില്‍ നൂറുകണക്കിന് ഭക്തരാണ് യജ്ഞശാലയിലെത്തിയത്. നേരത്തേ യജ്ഞാചാര്യന്‍ പി.കെ.വ്യാസന്റെ കാര്‍മികത്വത്തില്‍ മൃത്യുഞ്ജയ ഹോമം, സര്‍വൈശ്വര്യപൂജ എന്നിവ നടന്നു.

ഭഗവദ്ഗീതയിലില്ലാത്തത് പ്രചരിക്കുന്നു -സ്വാമി സത്സ്വരൂപാനന്ദ

ഉരുളികുന്നം: സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കാനിരിക്കുന്നതും നല്ലതിന്... ഭഗവദ്ഗീതയിലില്ലാത്ത വാക്യങ്ങള്‍ ഗീതയിലേതെന്നു പ്രചരിപ്പിക്കുന്നത് ആസൂത്രിതമാണെന്ന് സന്യാസി മാര്‍ഗദര്‍ശക് മണ്ഡല്‍ ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ. യജ്ഞവേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഹൈന്ദവസമാജത്തില്‍ കര്‍മമൗഢ്യം സൃഷ്ടിക്കുന്ന വാചകങ്ങള്‍ ഭഗവാന്റേതല്ല. ഇത്തരം പ്രചാരണങ്ങളില്‍ വിശ്വസിച്ചാല്‍ ജീവിതത്തില്‍ അനുഷ്ഠിക്കേണ്ട കര്‍മങ്ങളെ നിരസിക്കുന്നതിന് കാരണമാകും. കര്‍മനിരതരായി ധര്‍മം പാലിക്കാന്‍ സമാജത്തിനാകണം. യജ്ഞങ്ങള്‍ ഈശ്വരചോദന നിറച്ച് അതിനുള്ള പ്രചോദനം നല്‍കുമെന്നും സ്വാമി സത്സ്വരൂപാനന്ദ പറഞ്ഞു.

യജ്ഞവേദിയില്‍ ഇന്ന്

പാരായണം രാവിലെ 8.30, ബാണേശ്വരി ഹോമം 10.00, നാണയപ്പറ 12.00, അന്നദാനം 1.00, സ്വാമി ഗരുഡ ധ്വജാനന്ദ തീര്‍ഥപാദരുടെ പ്രഭാഷണം 5.00, ശ്രീഗന്ധര്‍വ രാജചക്രപൂജ രാത്രി 7.00, അന്നദാനം 8.00.