തിരുവാര്‍പ്പ് : പൊതുമരാമത്ത് പദ്ധതിയില്‍ രണ്ടരക്കോടി രൂപ ചെലവിട്ട് നിര്‍മാണം പുരോഗമിക്കുന്ന കാഞ്ഞിരം കവല - ജെട്ടി മലരിക്കല്‍ ടൂറിസം റോഡില്‍ കുളപ്പറമ്പ് കലുങ്കിനെ അവഗണിക്കുന്നതായി പരാതി. നിര്‍മാണത്തില്‍ അപാകതകള്‍ ഉള്ളതായും ജനങ്ങള്‍ ആരോപിക്കുന്നു.
 
3.80 മീറ്റര്‍ വീതിയിലാണ് പുതിയ റോഡിന്റെ ടാറിങ് നടക്കുക. എന്നാല്‍ റോഡിന്റെ വളവില്‍ സ്ഥിതിചെയ്യുന്ന കുളപ്പറമ്പ് കലുങ്കിന് മതിയായ വീതിയും കല്‍ക്കെട്ടിന് ഉറപ്പും ഇല്ല. കോടിക്കണക്കിന് രൂപ ചെലവില്‍ നടക്കുന്ന നിര്‍മാണത്തില്‍നിന്ന് ബലക്ഷയം സംഭവിച്ച കലുങ്കിനെ ഒഴിവാക്കുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ വന്‍പ്രതിഷേധമാണ് ഉയരുന്നത്.
 
മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുന്ന റോഡിന്റെ പ്രദേശങ്ങള്‍ വേണ്ടത്ര മണ്ണിട്ട് ഉയര്‍ത്തിയിട്ടുമില്ല. രണ്ടടി ഉയര്‍ത്തിയാണ് റോഡ് നിര്‍മാണം എന്ന് പറഞ്ഞിരുന്നെങ്കിലും പല സ്ഥലങ്ങളിലും ഇത് പാലിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
 
വ്യാഴാഴ്ച കാഞ്ഞിരം പാലം മുതല്‍ അമ്പലപ്പടി വരെയുള്ള പ്രദേശത്ത് റോഡ് ഉയര്‍ത്താന്‍ ഇറക്കിയ മിശ്രിതത്തിന് ഗുണമേന്മ ഇല്ലാത്തതിനാല്‍ ജനങ്ങള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് അധികൃതര്‍ ഇടപെട്ട് ഗുണമേന്മയുള്ള മിശ്രിതം വെള്ളിയാഴ്ച വീണ്ടും ഇറക്കി. ഉടന്‍തന്നെ ടാറിങ് ജോലികള്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് എന്‍ജിനീയര്‍ പറഞ്ഞു.