തലയോലപ്പറമ്പ്: ബഷീര്‍ കഥകളിലെ കഥാപാത്രങ്ങളായിരുന്ന പാലാംകടവിലെ പടവുകള്‍ തകരുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. ബഷീറിന്റെ കഥകളെക്കാള്‍ പ്രായമുണ്ട് മുവാറ്റുപുഴയാറിന്റെ തീരമായ ഈ പടവുകള്‍ക്ക്. ബഷീര്‍ കഥകളില്‍ ഇടം നേടിയ പുഴയും കടവും ചങ്ങാടവും കടത്തുമെല്ലാം ഇന്നും പ്രശസ്തം. താന്‍ പിറന്ന മണ്ണും വളര്‍ന്നകരയും തമ്മില്‍ ബന്ധിപ്പിക്കാന്‍ പാലം ഉയരാന്‍ വേണ്ടിയുള്ള കഥാകാരന്റെ മോഹം വളരെയായിരുന്നു.
 
യാദൃശ്ചികമെന്ന് പറയട്ടെ അദ്ദേഹത്തിന്റെ മരണ ശേഷം പാലാംകടവില്‍ പാലം ഉയര്‍ന്ന് സ്മാരകമായി. വളരെ പ്രശസ്തമായ ബഷീറിന്റെ കഥയിലെ സൈനബയുടെ ചായക്കട ഇന്ന് നിലവിലില്ല. തലയോലപ്പറമ്പ് ചന്തയുടെ പ്രതാപകലത്ത് ഇവിടേക്ക് വില്പനയ്ക്കുള്ള സാധനങ്ങള്‍ വള്ളത്തില്‍ എത്തിക്കുന്നുതും സാധനങ്ങള്‍ വാങ്ങിത്തിരികെ പോകുന്നതും ഈ പുഴയിലൂടെയായിരുന്നു.

ഇന്ന് കടവില്‍ പടവുകള്‍ കയറാന്‍ വഴികാട്ടിയായി നിന്നിരുന്ന കല്‍വിളക്കിന്റെ ഒരു കാല്‍ മാത്രമാണ് ഓര്‍മ്മയായി നിലനില്‍ക്കുന്നത്. അവയില്‍ പരസ്യബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പലരും ഉപയോഗിക്കുന്നു. വികസനത്തിന്റെ ഭാഗമായി കടത്ത് കടവും വള്ളങ്ങളും ഓര്‍മ്മയായെങ്കിലും പാലംകടവിലെ കടത്തും വള്ളവും പടവുകളുമെല്ലാം നാട്ടുകാരുടെ മനസ്സില്‍ ഇന്നും ഇമ്മിണി ബലിയഓര്‍മകളായി നിലനില്‍ക്കുന്നു.
 
പാലം സഞ്ചാരയോഗ്യമായെങ്കിലും കടത്തും കടവും നിലനിര്‍ത്താന്‍ സാംസ്‌കാരിക വകുപ്പ് തയ്യാറാകണമെന്ന് അന്നത്തെ സര്‍ക്കാരിനോട് ബഷീര്‍ ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. ബഷീറിനെ ലോകപ്രശസ്തനാക്കിയത് ഈ പടവുകളാണ്. ബഷീറിന്റെ തീരം എന്ന് പറഞ്ഞിരുന്ന പടവുകള്‍ മണല്‍ മാഫിയയുടെ മണലൂറ്റ് മൂലം ഇടിഞ്ഞു.. ബഷീറിന്റെ ചരമവര്‍ഷികം ഓരോന്നും കടന്നു പോകുമ്പോഴും ഈ പടവുകളെ സാംസ്‌കാരിക വകുപ്പ് കാത്തുസൂക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ബഷീര്‍ പ്രേമികള്‍.