reading dayകോട്ടയം: പുസ്തകങ്ങളുടെ പേരുകള്‍ കുത്തിക്കുറിച്ച കടലാസുതുണ്ടുകളും കൈയിലൊതുക്കി, പ്രായംബാധിക്കാത്ത ചിരിയുമായി പുസ്തകശാലകളിലെത്തുന്ന വിരമിച്ച ഒരധ്യാപകനുണ്ട്, അക്ഷരനഗരത്തില്‍. 'പുസ്തകസാര്‍' എന്ന വിളിപ്പേരുള്ള ടി.എന്‍.ഗോപാലകൃഷ്ണന്‍ നായര്‍.

ഏത് പുസ്തകമാണ് വേണ്ടതെന്ന് അറിയിച്ചാല്‍ പ്രസാധകര്‍ ആരാണെങ്കിലും ഇദ്ദേഹം അവ എത്തിച്ചുകൊടുക്കും. കച്ചവടക്കണ്ണോടെയുള്ള വിതരണമല്ല ഇത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതലായി പുസ്തകവിതരണം. അതുകൊണ്ട് കുട്ടികളാണ് പുസ്തകസാര്‍ എന്ന പേരിട്ടത്.

ഹൈസ്‌കൂളില്‍ മലയാളം അധ്യാപകനായിരുന്ന ഗോപാലകൃഷ്ണന്‍ നായര്‍ ധാരാളം വായിക്കുമായിരുന്നു. ചെറുപ്പം മുതല്‍ വായനശീലം പ്രോത്സാഹിപ്പിച്ചതിലൂടെ മക്കള്‍ക്ക് പല മത്സരപ്പരീക്ഷകളിലും ഒന്നാമതെത്താനായി. ഇതറിഞ്ഞ സഹഅധ്യാപകര്‍ ആവശ്യപ്പെട്ട പുസ്തകങ്ങള്‍ എത്തിച്ചുനല്‍കിയായിരുന്നു തുടക്കം.

ഇത്രകാലത്തിനിടയ്ക്ക് പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് പുസ്തകസാര്‍ പറയുന്നു. പുസ്തകവിലയല്ലാതെ വണ്ടിക്കൂലിയോ മറ്റ് പാരിതോഷികങ്ങളോ സ്വീകരിക്കാറില്ല. കൂടുതല്‍ പുസ്തകങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്കും ലൈബ്രറികള്‍ക്കും വിലക്കിഴിവും ലഭ്യമാക്കും.

പുസ്തകമേളകളിലെ പതിവ് സാന്നിധ്യമാണ്. വായന വാരാചരണങ്ങളിലും മറ്റും കുട്ടികള്‍ക്ക് പുസ്തകപരിചയത്തിന് പുസ്തകപ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നു. എന്നും കുട്ടികളുടെ പുസ്തകങ്ങള്‍ക്കാണ് ഊന്നല്‍.

സഹകരണബാങ്കില്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന പ്രസന്നകുമാരിയാണ് ഭാര്യ. മക്കളായ ജയചന്ദ്രനും ജയരാജും ബംഗളൂരുവില്‍ സോഫ്‌റ്റ്വേര്‍ എന്‍ജിനീയര്‍മാരാണ്. കോട്ടയം കല്ലറ ജയനിവാസിലാണ് ഗോപാലകൃഷ്ണനും കുടുംബവും താമസിക്കുന്നത്.

'ആഗ്രഹിച്ച പുസ്തകം കിട്ടിയില്ലെന്നപേരില്‍ ആരും വായന മുടക്കരുത്. ഇതിലൂടെ ആദായമല്ല, മനസ്സിന്റെ സംതൃപ്തിയാണ് ലക്ഷ്യമിടുന്നത്. ഈ പ്രവര്‍ത്തനം മരിക്കുംവരെ തുടരും'-അദ്ദേഹം പറഞ്ഞു.