കുന്നുംഭാഗം: പള്ളിയിലെ നേര്‍ച്ചപ്പെട്ടിയില്‍നിന്ന് സ്ഥിരമായി പണം അപഹരിച്ചിരുന്നവര്‍ ക്യാമറയില്‍ കുടുങ്ങി. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള കുന്നുംഭാഗം സെന്റ് ജോസഫ് പള്ളിക്കകത്തുള്ള നേര്‍ച്ചപ്പെട്ടിയില്‍നിന്ന് പണമെടുത്തവരാണ് ക്യാമറയില്‍ കുടുങ്ങിയത്.
 
ദൃശ്യത്തില്‍ പുരുഷനും സ്ത്രീയും രണ്ട് കുട്ടികളുമാണുള്ളത്. സ്ത്രീ നേര്‍ച്ചപ്പെട്ടിക്കുള്ളില്‍നിന്ന് പൈസയെടുക്കുമ്പോള്‍ കൈക്കുഞ്ഞുമായി കൂടെയുള്ളയാള്‍ കാവല്‍ നില്‍ക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
 
പകലാണ് പള്ളിക്കകത്ത് കയറി മോഷണം നടത്തിയത്. പ്രാര്‍ത്ഥിക്കാന്‍ പകല്‍ സമയത്ത് ആളുകള്‍ എത്താറുള്ളതിനാല്‍ പള്ളി തുറന്നിടാറുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

സ്ഥിരമായി പള്ളിയിലെ നേര്‍ച്ചപ്പെട്ടിയില്‍നിന്ന് പണം കാണാതാകുന്നതിനെത്തുടര്‍ന്നാണ് പള്ളി കമ്മിറ്റിക്കാര്‍ ക്യാമറ സ്ഥാപിച്ചത്.
 
പള്ളിപ്പെരുന്നാളിന് ലഭിച്ച നോട്ടുമാല വികാരിയച്ചന്റെ നിര്‍ദേശപ്രകാരം നേര്‍ച്ചപ്പെട്ടിയില്‍ ഇട്ടിരുന്നു. പിന്നീട് നേര്‍ച്ചപ്പെട്ടി തുറന്നപ്പോള്‍ നോട്ടുമാല കിട്ടിയില്ല.
 
തുടര്‍ന്ന് നോട്ടിന്റെ നമ്പര്‍ എഴുതിയെടുത്തശേഷം പണം നിക്ഷേപിച്ചെങ്കിലും തുറന്ന് നോക്കുമ്പോള്‍ ചില്ലറത്തുട്ടുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്.
 
പിന്നീട് പശ ചുറ്റിയ ഈര്‍ക്കിലിയും പശ ഒട്ടിച്ച ഒരു രൂപ നാണയവും നേര്‍ച്ചപ്പെട്ടിയില്‍നിന്ന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് പള്ളിക്കകത്ത് ക്യാമറ സ്ഥാപിച്ചത്.
 
പൊന്‍കുന്നം പോലീസില്‍ പരാതിയും ദൃശ്യങ്ങളടങ്ങുന്ന സി.ഡി.യും നല്‍കിയതായി പള്ളി കമ്മിറ്റി അറിയിച്ചു.