പൊന്‍കുന്നം: രാത്രി മുഴുവന്‍നീണ്ട മഴയില്‍ ദിനേശന് നഷ്ടപ്പെട്ടത് വീട്ടുമുറ്റത്തെ കിണര്‍. പൊന്‍കുന്നം അട്ടിക്കല്‍ വേലിക്കകത്ത് ദിനേശന്റെ കിണറാണ് കല്‍ക്കെട്ടും മണ്ണും ഇടിഞ്ഞു കിണര്‍ തറനിരപ്പില്‍നിന്ന് ആഴത്തിലേക്കു പോയത്. കിണറിന്റെ കരയ്ക്കുണ്ടായിരുന്ന പമ്പ്‌സെറ്റ് കിണറിനുള്ളിലായി.

വീടിന്റെ അസ്ഥിവാരത്തോടുചേര്‍ന്നുള്ള കിണറായിരുന്നു. പുലര്‍ച്ചെ വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോള്‍ ചുറ്റുമതിലും കരിങ്കല്‍ക്കെട്ടുമുള്‍പ്പെടെ കിണര്‍ താഴ്ന്നുപോയതാണ് കണ്ടത്.

നാല്‍പ്പതടിയോളം ആഴമുള്ള കിണറായിരുന്നു. മുപ്പതടിയോളം വെള്ളമുണ്ട്. കിണറിനു ചുറ്റും മണ്ണ് ഇടിഞ്ഞുപോയതോടെ വീടിന്റെ സുരക്ഷയും ഭീഷണിയിലാണ്. വില്ലേജ് ആഫീസിനെ സമീപിച്ചെങ്കിലും കിണറിന് നഷ്ടപരിഹാരം കിട്ടാനിടയില്ലെന്ന് അധികൃതര്‍ പറഞ്ഞു.