പൊന്‍കുന്നം: പാവാടയുടുത്ത് മഴക്കാലത്തെ വരവേല്‍ക്കേണ്ടതാണ് റബര്‍ത്തോട്ടങ്ങള്‍. റെയിന്‍ഗാര്‍ഡിങ്ങിലൂടെ മഴക്കാല ടാപ്പിങ്ങിനായി തോട്ടങ്ങളൊരുക്കേണ്ട വേനലിന്റെ അവസാന നാളുകള്‍ ഇക്കുറി 'അടമഴ'യായതോടെ ഇതിന് തടസ്സമായി.

റബര്‍മരങ്ങളുടെ ടാപ്പിങ്ങിനുള്ള പട്ടയുടെ മുകളില്‍ നനയാതിരിക്കാന്‍ പ്ലാസ്റ്റിക് കടലാസ്, ഷെയ്ഡ് എന്നിവയിലേതെങ്കിലും പിടിപ്പിച്ചാണ് ജൂണ്‍ മുതലുള്ള മഴക്കാലത്ത് ടാപ്പിങ് നടത്തുന്നത്. മേയ് പകുതിക്കുശേഷം തോട്ടങ്ങളില്‍ ഇതിനുള്ള ജോലികള്‍ തുടങ്ങേണ്ടിയിരുന്നതാണ്.

ഇത്തവണ വേനല്‍മഴ തകര്‍ത്ത് പെയ്യുന്നതുെകാണ്ട് റബര്‍തോട്ടത്തിലേക്ക് എത്തിനോക്കാന്‍ പോലുമാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ജില്ലയില്‍ ഇത്തവണ 65 ശതമാനം മഴ കൂടുതലാണ് ലഭിച്ചത്. മരത്തിന് നനവില്ലാതിരിക്കുമ്പോഴാണ് റെയിന്‍ഗാര്‍ഡിങ് ഉപാധികള്‍ പിടിപ്പിക്കാനാവുക. പശ തേച്ച് പ്ലാസ്റ്റിക് ശരിയായി ഒട്ടണമെങ്കില്‍ ഉണങ്ങിയ പ്രതലമാവണം. ഒരു ദിവസമെങ്കിലും വെയില്‍ തെളിഞ്ഞുനിന്നാലേ ഇതിനാവൂ. ഇടയ്ക്ക് വെയില്‍ കിട്ടി ഒട്ടിക്കാന്‍ പാകത്തിനാവുമ്പോള്‍ ഇതിനുള്ള ജോലിക്കാരെ കിട്ടുന്നതിന് നെട്ടോട്ടമോടണം. ചെറുകിട വന്‍കിട തോട്ടങ്ങള്‍ റെയിന്‍ ഗാര്‍ഡിങ്ങിന് കാത്തിരിക്കുമ്പോള്‍ പണിക്കാരെ കിട്ടണമെങ്കില്‍ ഭാഗ്യം വേണം.

ഇക്കൊല്ലം ചെറുകിട കര്‍ഷകര്‍ക്ക് സ്വയം റെയിന്‍ഗാര്‍ഡിങ് നടത്തുന്നതിന് പലയിടത്തും റബര്‍ബോര്‍ഡ് തന്നെ പരിശീലനം നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന വില കിട്ടാനിടയുള്ള മാസങ്ങളില്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാവണമെന്ന ലക്ഷ്യത്തോടെയാണിത്. മേഖലയില്‍ കൂടുതലുള്ള ആര്‍.ആര്‍.ഐ.ഐ. 105, 414, 430 തുടങ്ങിയവക്ക് ഉല്‍പ്പാദനം കൂടുന്നത് മഴക്കാലത്താണ്.

റെയിന്‍ഗാര്‍ഡിങ് സാമഗ്രികള്‍ വില്‍ക്കുന്ന കടകളില്‍ കച്ചവടം മന്ദഗതിയിലാണ്. പാവാടരീതിയില്‍ ഗാര്‍ഡിങ് നടത്തുന്നതിനുള്ള പ്ലാസ്റ്റിക്കിന് കിലോഗ്രാമിന് 145 മുതലാണ് വില. ഞൊറിവിട്ട് തയ്ച്ച് എത്തിക്കുന്ന പ്ലാസ്റ്റിക്കിന് കിലോഗ്രാമിന് 175 രൂപയാകും. ടാര്‍മിശ്രിതമായ പശയ്ക്ക് കിലോഗ്രാമിന് നാല്‍പ്പത് രൂപയിലേറെയാണ് വില. ഒരു കിലോഗ്രാം പ്ലാസ്റ്റിക് കൊണ്ട് 25 റബര്‍മരങ്ങള്‍ക്ക് റെയിന്‍ഗാര്‍ഡ് പിടിപ്പിക്കാനാവും.