കോട്ടയം: ഫോണിലൂടെ അറിയിച്ച സ്വര്‍ണസമ്മാന വാഗ്ദാനം നിരസിച്ചയാള്‍ക്ക് അസഭ്യവര്‍ഷം. കോട്ടയം കൊല്ലാട് സ്വദേശിക്കാണ് ഈ ദുരനുഭവം. ഹൈദരാബാദിലെ ജൂലവറിയില്‍നിന്നാണെന്ന് അറിയിച്ചായിരുന്നു ഇദ്ദേഹത്തിന് ഫോണ്‍കോളെത്തിയത്.
 
താങ്കളുടെ മൊബൈല്‍ നമ്പരില്‍ മൂന്നു ഗ്രാം വീതമുള്ള മൂന്ന് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി അടിച്ചിട്ടുണ്ടെന്നായിരുന്നു സ്ത്രീസ്വരത്തില്‍ അറിയിച്ചത്. തങ്ങളുടെ സ്ഥാപനം കൊച്ചിയില്‍ ബ്രാഞ്ച് ഉടന്‍ തുടങ്ങുന്നുണ്ടെന്നും അറിയിച്ചു. തുടര്‍ന്ന് സമ്മാനം അയച്ചുതരുന്നതിന് മേല്‍വിലാസം ആവശ്യപ്പെട്ടു. സ്വര്‍ണം തപാലിലെത്തുമ്പോള്‍ പോസ്റ്റ്മാന്റെ കൈവശം ആയിരം രൂപ നല്‍കണമെന്നും പറഞ്ഞു. എന്നാല്‍ തനിക്ക് ഇതില്‍ താല്പര്യമില്ലെന്നും സമ്മാനം വേണ്ടെന്നും കൊല്ലാട് സ്വദേശി പറഞ്ഞതോടെ അസഭ്യവര്‍ഷം തുടങ്ങുകയായിരുന്നു.
 
സ്ത്രീസ്വരത്തില്‍തന്നെയായിരുന്നു അസഭ്യം പറഞ്ഞത്. ഇദ്ദേഹം എന്തെങ്കിലും പറയുംമുമ്പേ ഫോണ്‍ കട്ടായി. കോട്ടയത്ത് ഒന്നിലേറെ ആളുകള്‍ക്ക് ഇത്തരം ഫോണ്‍കോളെത്തിയതായാണ് പറയുന്നത്. വിളിച്ച നന്പരില്‍ തിരികെ വിളിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു.