പാലാ: ജനറല്‍ ആശുപത്രിയില്‍ നിര്‍മിച്ച ആധുനിക മോര്‍ച്ചറിയും പോസ്റ്റ്മാര്‍ട്ടം യൂണിറ്റും തുറന്നു. എട്ട് ഫ്രീസറുകളോടു കൂടിയതാണ് നവീന മോര്‍ച്ചറി. ധനമന്ത്രിയായിരുന്ന കെ.എം.മാണി ഭരണാനുമതി നല്‍കിയ 72 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ഒരേ സമയം രണ്ട് പോസ്റ്റ്മാര്‍ട്ടം നടത്തുന്നതിനും ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനും സൗകര്യമുണ്ട്.

ഫോറന്‍സിക് വിഭാഗം അനുവദിച്ചിരുന്നുവെങ്കിലും ഡോക്ടറെ നിയമിച്ചിട്ടില്ല. ഡോക്ടറുടെ സേവനം ലഭിക്കുന്നതോടെ പോസ്റ്റ് മോര്‍ട്ടവും പാലായില്‍ നടത്താന്‍ കഴിയും. മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിന് സ്വകാര്യസ്ഥാപനങ്ങളേക്കാള്‍ കുറഞ്ഞ ചെലവില്‍ സൗകര്യം ഒരുക്കാന്‍ ആശുപത്രി മാനേജിങ് കമ്മിറ്റി തീരുമാനിച്ചു.

205 ലക്ഷം രൂപ ചെലവഴിച്ച് റാമ്പ് സജ്ജമാക്കും. നവീകരിച്ച എക്‌സറേ യൂണിറ്റ് സ്ഥാപിക്കുന്ന ജോലികളും പൂര്‍ത്തിയായി. 25 ലക്ഷം രൂപ വിലയുള്ള ഉപകരണങ്ങള്‍ അനുവദിച്ചു. നിലവിലുള്ള എക്‌സ്‌റേ-റൂം പരിഷ്‌കരിച്ചാണ് കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി മെഷീന്‍ സ്ഥാപിക്കുന്നത്. ശീതീകരണ സംവിധാനവും ഏര്‍പ്പെടുത്തി. ഫിസിക്കല്‍ മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റ് ആരംഭിക്കുന്നതിന് കമ്മിറ്റി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.

സ്‌പെഷ്യാലിറ്റി ഡോക്ടറുടെ സേവനം എല്ലാ ദിവസവും ലഭ്യമാക്കും. ഇതോടൊപ്പം ഓങ്കോളജി വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറോട് അനുമതി തേടും. ആശുപത്രി വികസനസമിതി ജീവനക്കാര്‍ക്ക് ഓണം അലവന്‍സ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ലഭ്യമാക്കാനും യോഗം നിര്‍ദ്ദേശം നല്‍കി. നഗരസഭാ അധ്യക്ഷന്‍ ലീനാ സണ്ണി അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ബിന്‍സി, ഫിലിപ്പ് കുഴികുളം, ജയ്‌സണ്‍ മാന്തോട്ടം, പീറ്റര്‍ പന്തലാനി എന്നിവര്‍ പങ്കെടുത്തു.