നീലംപേരൂര്‍: പൂരദിവസത്തെ മുഖ്യആകര്‍ഷണമായ ഗജരാജന്‍ നീലംപേരൂര്‍ നീലകണ്ഠന്‍ ആല്‍ത്തറയില്‍ ഒരുങ്ങുന്നു. പടയണി കലാരൂപങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഈ കരിവീരന്‍. പൂര ദിവസം അവസാനമായി പടയണി കളത്തില്‍ എത്തുന്നതും ഈ പൊയ്യാനയാണ്. നെറ്റിപ്പട്ടവും കെട്ടി പുറത്ത് ആളെയും കയറ്റി ആലവട്ടവും വെഞ്ചാമരവും വീശി തിടമ്പേറ്റി വരുന്ന ഈ കരിവീരന്‍ കുട്ടികളുടെ അടക്കം ഇഷ്ടകോലമാണ്.
 
മറ്റു കോലങ്ങളില്‍നിന്ന് വ്യത്യസ്തമായി ആണ് നിര്‍മ്മാണം. ഈറ കൊണ്ട് ഉണ്ടാക്കിയ ആനയുടെ രൂപത്തില്‍ വഴക്കച്ചി കൊണ്ട് വരിച്ചില്‍ ജോലികള്‍ പൂര്‍ത്തിയാക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ചാക്ക് ഉപയോഗിച്ച് പൂര്‍ണമായും മൂടും. കരി ഉപയോഗിച്ചാണ് ആനയുടെ നിരപണികള്‍ നടത്തുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്ലാവിന്‍തടിയില്‍ തീര്‍ത്ത കൊമ്പാണ് ഉപയോഗിക്കുന്നത്. ചക്ര ചടങ്ങുകളില്‍ തീര്‍ത്ത പ്രതലത്തിലാണ് പൊയ്യാന നില്‍ക്കുന്നത്. വല്യന്നങ്ങളും കോലങ്ങളും എഴുന്നള്ളിയശേഷം ഉരുട്ടി നടയിലെത്തിക്കുന്ന ഗജവീരന് ചന്ദനക്കുറി കൊണ്ട് അവസാനവട്ട മിനുക്കുപണികളും നടത്തും.

മകം പടയണി നാളെ, അമ്പലകോട്ട എഴുന്നള്ളും
നീലംപേരൂര്‍ : പടയണി കളത്തില്‍ പൂരം പടയണിയുടെ പ്രധാന ചടങ്ങുകളില്‍ ഒന്നായ പ്ലാവില കോലങ്ങള്‍ ഒന്നിച്ചു എഴുന്നള്ളി. ശനിയാഴ്ച പതിനൊന്ന് മണിയോട് കൂടി ക്ഷേത്രത്തില്‍നടന്ന ചടങ്ങില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.
 
ചൂട്ടു പടയണിയുമായി ചേരമാന്‍ പെരുമാള്‍ കോവിലില്‍ പോയി അനുവാദം വാങ്ങിയ ശേഷമാണ് പടയണി കളത്തില്‍ കോലങ്ങള്‍ എത്തിയത്. പടയണി കളത്തില്‍ തിങ്ങിനിറഞ്ഞ ഭക്തര്‍ ആര്‍പ്പുവിളികളോടെ വരവേറ്റു. സജീവമായ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായ പൂരം പടയണിയുടെ മകം പടയണി തിങ്കളാഴ്ച നടക്കും. പതിനാറു ദിവസത്തെ പടയണി ചടങ്ങുകളില്‍ പതിനഞ്ചാം ദിവസമാണ് മകം പടയണി. മകം പടയണിയില്‍ അടിയന്തരകോലം അമ്പലകോട്ടയാണ്.

പൂരം പടയണിയിലെ മറ്റു കോലങ്ങള്‍ക്ക് ഒപ്പം എഴുന്നള്ളുന്ന ഭീമസേനന്റെ കല്യാണ സൗഗന്ധികം കഥയാണ് അമ്പലകോട്ടയുടെ അടിസ്ഥാനം മകത്തിലും പൂരത്തിനുമാണ് ആഘോഷങ്ങള്‍ നടക്കുന്നത്. നെല്ലിന്റെ ജന്മദിനമായ മകം നാളില്‍ കാര്‍ഷിക അഭിവൃദ്ധിക്ക് വേണ്ടി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കും. കാര്‍ഷിക കലാരൂപമായ വേലകളിയും ഇതോടൊപ്പം നടക്കും.
 
പുലര്‍ച്ചെ നാലിന് പള്ളിയുണര്‍ത്തല്‍, ഒന്നിന് ചിറമ്പ് കുത്ത് ആരംഭിക്കും. ആറിനു ദീപാരാധന, 7.30ന് ചിറമ്പ് കുത്ത് തുടര്‍ച്ച, പതിനൊന്നിന് കുടംപൂജ കളി, അനുജ്ഞ വാങ്ങലിനുശേഷം തോത്താ കളി,വേലകളി, അതിനുശേഷം വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നള്ളത്. തുടങ്ങിയവയാണ് പ്രധാനചടങ്ങുകള്‍.