ചങ്ങനാശ്ശേരി: സംസ്ഥാനത്ത് അഞ്ചുവര്‍ഷം കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ വിപ്ലവകരമായ വികസനമായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി. വര്‍ക്കിങ് കമ്മറ്റി അംഗവുമായ എ.കെ.ആന്റണി പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാര്‍ഥി സി.എഫ്.തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥമുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത അഞ്ചുവര്‍ഷം കൂടി യു.ഡി.എഫ്. ഭരണം തുടര്‍ന്നാല്‍ കേരളത്തെ ഇന്ത്യയിലെ നമ്പര്‍ വണ്‍ സംസ്ഥാനമാക്കി മാറ്റും. എല്‍.ഡി.എഫിനു ഭരണം ലഭിക്കുന്നത് പൂമാല കിട്ടുന്നതു പോലെയാണ്. ഭരണത്തിലേറുന്ന അവര്‍ അക്രമം അഴിച്ചു വിടുകയാണ് സ്ഥിരം പതിവ്. അതുകൊണ്ട് വരുന്ന അഞ്ചു വര്‍ഷവും അവര്‍ മാന്യമായി പ്രതിപക്ഷത്ത് ഇരിക്കട്ടെയെന്നും എ.കെ.ആന്റണി പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. വി.എന്‍.നാരായണപിള്ള അധ്യക്ഷത വഹിച്ചു. എം.പിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, ജോസ് കെ.മാണി, സ്ഥാനാര്‍ഥി സി.എഫ്.തോമസ്, കണ്‍വീനര്‍ വി.ജെ.ലാലി, ജോബ് മൈക്കിള്‍, ജോസി സെബാസ്റ്റ്യന്‍, ഡോ.അജീസ് ബെന്‍ മാത്യൂസ്, പി.എന്‍ നൗഷാദ്, രാജീവ് മേച്ചേരി, പി.എച്ച്.നാസര്‍, മാത്തുക്കുട്ടി പ്‌ളാത്താനം എന്നിവര്‍ പ്രസംഗിച്ചു.