വാകത്താനം: അമ്പത് വീടുകളില്‍ അടുക്കളത്തോട്ടം നിര്‍മിച്ച് നാഷണല്‍ സര്‍വീസ് സ്‌കീം സന്നദ്ധപ്രവര്‍ത്തകര്‍. എന്‍.എസ്.എസ്. സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ കൃഷിത്തോട്ടങ്ങള്‍ നിര്‍മിച്ചത്.

പച്ചമുളക്, ചീര, വഴുതന, കോളിഫ്‌ലവര്‍, പയര്‍ എന്നീ പച്ചക്കറിത്തൈകളാണ് നട്ടത്. ഇതിന്റെ വളര്‍ച്ചാഘട്ടങ്ങളില്‍ പരിചരണത്തിന് വീണ്ടും വീടുകളില്‍ സന്ദര്‍ശനത്തിനെത്താനാണ് കുട്ടികളുടെ തീരുമാനം. 'ദത്ത്ഗ്രാമം'പദ്ധതിയുെട ഭാഗമായാണ് വാകത്താനം 13-ാം വാര്‍ഡിലെ പള്ളിക്കുന്ന് ഭാഗത്തെ വീടുകളില്‍ കൃഷിത്തോട്ടം നിര്‍മിച്ചത്.

പച്ചക്കറി കൃഷിക്കൊപ്പം തേനീച്ച വളര്‍ത്തലും കുട്ടികള്‍ പരിശീലിച്ചു. തേനീച്ചപ്പെട്ടി തയ്യാറാക്കുന്നതും പരിപാലനവും കുട്ടികള്‍ മനസ്സിലാക്കി. തേനിന്റെ ഔഷധഗുണം, വിപണന സാധ്യത തുടങ്ങിയവയെല്ലാം വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് പരിശീലകന്‍ മാത്യു പുല്ലുകാലായില്‍ മറുപടി നല്‍കി.

വാകത്താനം ജെ.എം. എച്ച്.എസ്.എസ്. എന്‍.എസ്.എസ്. യൂണിറ്റാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

പരിസ്ഥിതിക്കൊപ്പം പരിസ്ഥിതിക്കൊപ്പമായിരുന്നു എന്‍.എസ്.എസ്. പ്രവര്‍ത്തകരുടെ യാത്ര. ഹരിതസാക്ഷര സന്ദേശറാലി, പ്ലാസ്റ്റിക് ദുരുപയോഗം തടയാന്‍ തുണിസഞ്ചി വിതരണം, ജീവിത ശൈലീരോഗം പ്രതിരോധിക്കാന്‍ യോഗ, ഒറ്റപ്പെടുന്ന വാര്‍ധക്യത്തിന് താങ്ങായി വീടുകളിലെത്തി പ്രായമായവരുമായുള്ള ഇടപഴകല്‍ എന്നിവ ക്യാമ്പിന്റെ പ്രധാന ആകര്‍ഷണമായി. വിവിധ വീടുകളിലെത്തി മുറ്റമടിച്ചും പുല്ലും പറിച്ചും വീട് വൃത്തിയാക്കിയും മറ്റ് ചെറിയ ജോലികള്‍ ചെയ്തും കുട്ടികള്‍ സേവന മഹത്ത്വം അടുത്തറിഞ്ഞു.