നീലംപേരൂര്‍: വിളഞ്ഞു പാകമായ നെല്‍ച്ചെടികള്‍ കൊയ്ത് ചാക്കിലാക്കി അയയ്ക്കാനുള്ള തിരക്കിലാണ് പ്രദേശത്തെ കര്‍ഷകര്‍. പക്ഷേ, ഇടയ്ക്കിടയ്ക്ക് മാനം കറക്കുന്നത് ആശങ്കയുമുണ്ടാക്കുന്നു. പഞ്ചായത്തിലെയും സമീപ പ്രദേശമായ കുറിച്ചിയിലെയും നിരവധി പാടങ്ങളിലാണ് ഒരേ സമയം കൊയ്ത്ത് നടക്കുന്നത്. മിക്ക പാടങ്ങളിലും വിളവെടുപ്പ് പൂര്‍ത്തിയാകാറായി.

വിനയായി തര്‍ക്കങ്ങളും

എന്നാല്‍, നെല്ല് കയറ്റി പോകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തര്‍ക്കങ്ങളും പരാതികളും താമസം ഉണ്ടാകുന്നുവെന്നാണ് കര്‍ഷകരുടെ പരാതി. കൊയ്‌തെടുത്ത നെല്ല് മിക്ക സ്ഥലങ്ങളിലും പാടത്ത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പടുതായിട്ടു മൂടിയ നിലയിലുമാണ്. കാലതാമസം ഒഴിവാക്കി നെല്ല് സംഭരണത്തിനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാത്തപക്ഷം വലിയ നഷ്ടത്തിനും ഇടയാക്കും.

കൊയ്ത്ത് യന്ത്രങ്ങളുമില്ല

ചില സ്ഥലങ്ങളില്‍ കൊയ്ത്ത് യന്ത്രങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളും നില നില്‍ക്കുന്നുണ്ട്. പൂര്‍ണമായും ഇതരസംസ്ഥാന യന്ത്രങ്ങളെ മാത്രം ആശ്രയിച്ചാണ് കൊയ്ത്ത് പുരോഗമിക്കുന്നത്. ഇവരാകട്ടെ പല സ്ഥലങ്ങളില്‍ പല കൂലിയുമാണ് വാങ്ങുന്നത്. വാലടി, കൃഷ്ണപുരം, കാവാലം, ഈര, നാരകത്തറ, ചേന്നങ്കരി എന്നിവിടങ്ങളിലും ഒരേ സമയം വിളവെടുപ്പ് നടക്കുകയാണ്.

അവസാന ഘട്ടത്തിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കണം

വിളവെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന അവസാന ഘട്ടത്തിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണം. എത്രയും വേഗം നെല്ല് കയറ്റി പോകാനുള്ള സംവിധാനം ഒരുക്കണം.

- ജോബി ജോസഫ്-കര്‍ഷകന്‍