കോട്ടയം: കൃഷി ചെയ്താല്‍ ജീവിക്കാനുള്ളത് കിട്ടുമെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. കോട്ടയം സി.എം.എസ്. കോളേജില്‍ എം.ജി.സര്‍വകലാശാലയുടെ ആഗോള ജൈവസംഗമവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇവിടെ ഉത്പ്പാദിപ്പിക്കുന്നവ മറ്റ് രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ കര്‍ഷകര്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തണം. അല്ലെങ്കില്‍ കൂടുതല്‍ ജനങ്ങള്‍ കൃഷിയില്‍നിന്ന് അകലുമെന്നും മന്ത്രി പറഞ്ഞു.വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.

പ്രൊഫ. ഡോ. സോമസുന്ദരം മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ഡോ. റോയ് സാം ഡാനിയല്‍, എം. ആര്‍. ഉണ്ണി, ഡോ. സുജാത ഗോയല്‍, ജെ.കെ.ഠക്കര്‍, ഡോ. കെ.സാബുക്കുട്ടന്‍, എസ്. ജയലളിത എന്നിവര്‍ പ്രസംഗിച്ചു.ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് മാര്‍ഗംകളിയും പണ്ഡിറ്റ് റോണു മജുംദാറും സംഘവും ഹന്ദുസ്ഥാനി പുല്ലാങ്കുഴല്‍ കച്ചേരിയും അവതരിപ്പിച്ചു.
 
ഭക്ഷ്യ-കാര്‍ഷികമേളയില്‍ തിരക്കേറി; കര്‍ഷകസംഗമം ഇന്ന്

കോട്ടയം സി.എം.എസ്. കോളേജില്‍ 90-ല്‍പരം ജൈവാധിഷ്ഠിത പ്രദര്‍ശകര്‍ പങ്കെടുക്കുന്ന എം.ജി. സര്‍വകലാശാലാ ഭക്ഷ്യ-കാര്‍ഷികമേളയില്‍ തിരക്കേറി. കാര്‍ഷിക സംസ്‌കാരവും ജൈവോത്പന്നങ്ങളും പരിചയപ്പെടുന്നതിനും വാങ്ങുന്നതിനും സൗകര്യമുണ്ട്.

ആരോഗ്യസംരക്ഷണത്തിനും പരിപാലനത്തിനും തേനില്‍നിന്നുള്ള നിരവധി ഉത്പ്പന്നങ്ങള്‍ ശ്രദ്ധനേടി.

പ്രമേഹത്തിനുള്ള ഒറ്റമൂലിയായ ഷുഗര്‍വള്ളി, അപൂര്‍വയിനങ്ങളായ കര്‍പ്പൂരം, രുദ്രാക്ഷം, കരിമഞ്ഞള്‍, കസ്തൂരിമഞ്ഞള്‍, ആരോഗ്യപ്പച്ച, തുടങ്ങി നൂറിലധികം ഔഷധസസ്യങ്ങള്‍ ലഭ്യമാണ്. വിത്തുകള്‍, തൈകള്‍, പച്ചക്കറികള്‍, സിറപ്പ്, സ്‌ക്വാഷ്, ഗവ്യ ഉത്പ്പന്നങ്ങള്‍, ജൈവകീടനാശിനികള്‍, ജൈവവളങ്ങള്‍, മാലിന്യ സംസ്‌കരണഉപാധികള്‍, തുടങ്ങിയവയും സ്റ്റാളുകളില്‍ കിട്ടും.പരമ്പരാഗത നെല്‍വിത്തിനങ്ങളും എത്തിച്ചിട്ടുണ്ട്.
 
സെമിനാര്‍ തുടങ്ങി

ആഗോള ജൈവസംഗമത്തിന്റെ ഭാഗമായുള്ള അന്താരാഷ്ട്രസെമിനാറില്‍ റുഡോള്‍ഫ് ബൂളര്‍ (ജര്‍മനി), ഡോ. സോന്‍ താശി (ഭൂട്ടാന്‍), ഡോ. സുജാത ഗോയല്‍, പ്രൊഫ. സോമസുന്ദരം, എന്നിവര്‍ പ്രഭാഷണം നടത്തി. മലിനജലം ഏറ്റവും അധികം പുനരുപയോഗിക്കുന്ന ഇസ്രയേലിലെ ബെന്‍ ഗോറിയോണ്‍ സര്‍വകലാശാലയിലെ പ്രൊഫ. യോറം ഓറന്‍ സ്‌കൈപ്പിലൂടെ നടത്തിയ പ്രഭാഷണവും ശ്രദ്ധേയമായി.

പ്രൊഫ. എ.പി.തോമസ്, ശോശാമ്മ ഐപ്, കെ.ശ്രീധരന്‍, എം.മഹേശ്വരി, ഡോ.എം.ആര്‍. ഗോപാലകൃഷ്ണന്‍, ഡോ. എം. വിശ്വംഭരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാന ചിത്രരചന ക്യാമ്പ് ലളിതകല അക്കാദമി മുന്‍ ചെയര്‍മാന്‍ കെ.എ.ഫ്രാന്‍സിസ്. ഉദ്ഘാടനം ചെയ്തു.വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന കര്‍ഷകസംഗമം തിങ്കളാഴ്ച രാവിലെ 11-ന് നടക്കും.ചലച്ചിത്രമേളയില്‍ ഇന്ന്

രാവിലെ 10.00-ന് ബേബ് (ക്രിസ് നൂനാന്‍), 11.30-ന് ഡോക്യുമെന്ററികള്‍ (വി.കെ. സുഭാഷ്), 1.30-ന് ഗ്രേപ്‌സ് ഓഫ് റാത് (ജോണ്‍ ഫോര്‍ഡ്), 4.00-ന് വണ്‍ സ്‌ട്രോ റവലൂഷന്‍, 4.30-ന് കണ്‍ഫഷന്‍സ് ഓഫ് ആന്‍ എക്കോ ടെററിസ്റ്റ് (പീറ്റര്‍ ജെ. ബ്രൗണ്‍)

അന്താരാഷ്ട്ര സെമിനാര്‍ ഒഴികെയുള്ള വേദികളില്‍ പ്രവേശനം സൗജന്യമാണ്, ഭക്ഷ്യ കാര്‍ഷിക പ്രദര്‍ശനത്തിലേക്ക് രാവിലെ 10.00 മുതല്‍ വൈകീട്ട് 7.00 വരെയാണ് പ്രവേശനം.