വിഴിക്കിത്തോട്: ദുര്യോധനന്‍ മുതല്‍ ദുശ്ശള വരെ കൗരവര്‍ നൂറ്റിയൊന്നു പേരേയും വിളിച്ചുചൊല്ലി പ്രാര്‍ഥിച്ച് മലങ്കോട്ടപ്പാറയില്‍ കൗരവരുടെ ഉത്സവം കൊണ്ടാടി. കൗരവര്‍ക്ക് പൂജ നടത്തി നേദ്യമര്‍പ്പിച്ച് തൃപ്തിപ്പെടുത്തുന്ന അപൂര്‍വമായ ചടങ്ങ് വിഴിക്കിത്തോട് മലങ്കോട്ടപ്പാറയില്‍ നടന്നപ്പോള്‍ കരിക്കുകള്‍ സമര്‍പ്പിക്കാന്‍ ഭക്തജനത്തിരക്കായിരുന്നു.

മുമ്പ് ശബരിമല വനത്തിന്റെ ഭാഗമായിരുന്ന വിഴിക്കിത്തോട്ടിലെ മലങ്കോട്ടപ്പാറയില്‍ നാടിന്റെ രക്ഷകരായി കൗരവര്‍ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. പര്‍വതസമാനമായ പാറക്കൂട്ടത്തിനു മുകളിലാണ് പ്രതിഷ്ഠ. ആണ്ടിലൊരിക്കല്‍ നടക്കുന്ന ചടങ്ങിനായി നിരവധി ഭക്തരെത്തിയിരുന്നു. മൂഴിക്കല്‍ ശ്രീധരന്റെ കാര്‍മികത്വത്തിലായിരുന്നു പൂജകള്‍. മലയുണര്‍ത്തല്‍ എന്ന വിളിച്ചുചൊല്ലി പ്രാര്‍ഥനയ്ക്കുശേഷം ഭക്തര്‍ സമര്‍പ്പിച്ച കരിക്കുകള്‍ മലങ്കോട്ടപ്പാറയില്‍ എറിഞ്ഞുടച്ചു. ഭക്തര്‍ക്ക് വാള്‍ കൊണ്ട് പ്രസാദം നല്‍കിയാണ് പൂജകള്‍ സമാപിച്ചത്.