കുറവിലങ്ങാട്: ജയപ്രസാദ് നീ എവിടെയാണ്. ഒന്നിച്ചുപഠിച്ചവര്‍ ആ പഴയ വിദ്യാലയം സ്ഥിതിചെയ്ത മണ്ണില്‍ 32 വര്‍ഷത്തിനുശേഷം ഒത്തുകൂടിയപ്പോള്‍ ജയപ്രസാദ് മാത്രമെത്തിയില്ല.

1985-ല്‍ വെള്ളൂര്‍ ഗവ. ബേസിക് ട്രെയിനിങ് സെന്ററില്‍ പഠിച്ചിറങ്ങിയവരാണ് ഏറെ പണിപ്പെട്ട് വീണ്ടും ഒത്തുചേര്‍ന്നത്. ഒന്നിച്ചുപഠിച്ച 38 പേരില്‍ ജയപ്രസാദ് എന്ന സഹപാഠിയെ മാത്രം ഏറെ തിരിക്കിയെങ്കിലും കണ്ടെത്താനായില്ല.

രണ്ട് പേര് ഇന്ന് ജീവിച്ചിരിപ്പില്ല. ജയപ്രസാദ് ഒഴികെ ബാക്കി 35 പേരെയും കണ്ടെത്തി ഒത്തുചേരല്‍ വിവരം അറിയിച്ചു. ഇടുക്കി, കട്ടപ്പന, മുളകരമേട് ഉരേകേതില്‍ വീട്ടില്‍ ജയപ്രസാദ് എന്നതായിരുന്നു വിലാസം.

ഒരാള്‍ ഗള്‍ഫില്‍ ആയതിനാല്‍ പങ്കെടുക്കാനായില്ല. നാട്ടിലുള്ള മൂന്ന് പേര്‍ക്ക് ഒഴിവാക്കാനാവാത്ത കുടുംബകാര്യങ്ങള്‍ ഉള്ളതിനാല്‍ അവരും വന്നില്ല. ബാക്കി 31 പേരും രാവിലെ 9.30ന് തന്നെ സംഗമത്തില്‍ ഹാജര്‍ രേഖപ്പെടുത്തി.

'ഓര്‍മച്ചെപ്പ് 2017' എന്ന് പേര് നല്‍കിയ സംഗമത്തില്‍ ജീവിച്ചിരിക്കുന്ന രണ്ട് അധ്യാപകരും എത്തി. പ്രഥാമാധ്യാപിക അച്ചാമ്മ തോമസും ജി.ചെല്ലപ്പന്‍ നായരുമാണ് പങ്കെടുത്ത അധ്യാപകര്‍. രോഗംമൂലം രണ്ട് കാലും മുറിച്ചുനീക്കിയ എ.കെ.ഗോപാലകൃഷ്ണനെ മക്കള്‍ എടുത്താണ് എത്തിച്ചത്. 10ന് ആരംഭിച്ച സംഗമം 4.30 വരെ നീണ്ടു. അനുഭവങ്ങള്‍ പങ്കുെവച്ചും കലാപരിപാടികള്‍ അവതരിപ്പിച്ചും സമയം പിന്നിട്ടു.

വെള്ളൂര്‍ ഡയറ്റിലായിരുന്നു സംഗമം. ഇവരുടെ ബി.ടി.സി. സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് പിന്നീട് ഡയറ്റ് ആരംഭിച്ചത്. അന്നത്തെ കെട്ടിടംതന്നെ ഇന്നില്ല.

പങ്കെടുത്തവരില്‍ നാല് പേര് ഒഴികെ എല്ലാവരുംതന്നെ അധ്യാപകവൃത്തി തിരഞ്ഞെടുത്തവര്‍. ഒരാള്‍ ആര്‍.ടി.ഒ. ഓഫീസില്‍ സീനിയര്‍ സൂപ്രണ്ടും മറ്റൊരാള്‍ കെ.എസ്.എഫ്.ഇ.യിലെ ജീവനക്കാരനുമായി മാറി. സര്‍വീസില്‍ എത്താത്തവരില്‍ ഒരാള്‍ വീട്ടമ്മയായി മാറിയപ്പോള്‍ മറ്റൊരാള്‍ കച്ചവട രംഗത്തേക്കും തിരിഞ്ഞു. ബാക്കി ഉള്ളവരെല്ലാം അധ്യാപകരും പ്രഥമാധ്യാപകരുമായി. ഇവരില്‍ വിശ്രമ ജീവിതം നയിക്കുന്നവരും ഉണ്ട്.

മൂന്ന് മാസത്തോളം നീണ്ട ശ്രമത്തിന് ശേഷമാണ് ഇവര്‍ വീണ്ടും സംഗമിക്കാനുള്ള അവസരം ഒരുങ്ങിയത്. മൊബൈല്‍ ഫോണിനെക്കുറിച്ച് ചിന്തയില്ലാത്ത കാലം. ലാന്‍ഡ് ഫോണ്‍പോലും അപൂര്‍വ വസ്തു. ആകെ ആശ്രയം തപാല്‍ വിലാസം.

രണ്ട് പേരുടെ മൊബൈല്‍ നമ്പരില്‍നിന്നാണ് 37 പേരിലേക്ക് എത്തപ്പെട്ടത്. ഇതിന് ഓട്ടോറിക്ഷാ ഡ്രൈവര്‍മുതല്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരുപാട് പേര്‍ സഹായിച്ചെന്ന് സംഗമത്തിന് മുന്നിട്ടിറങ്ങിയ മൂവാറ്റുപുഴ ബി.ആര്‍.സി. ബ്ലോക്ക് പ്രോഗ്രാം ഓഫീസറായ എന്‍.ജി.രമാദേവി പറയുന്നു.

ചിറക്കടവ് ജി.എന്‍.എല്‍.പി.എസ്. അധ്യാപിക കെ.കെ.രമാദേവിയമ്മ, വിശ്രമ ജീവിതം നയിക്കുന്ന കിടങ്ങൂര്‍ സ്വദേശി ശോഭനകുമാരി എന്നിവരുടെ നമ്പരുകളാണ് രമാദേവിയുടെ പക്കല്‍ ഉണ്ടായിരുന്നത്. ഇവര്‍ വഴി പത്തനാട് സ്വദേശിയും കങ്ങഴ സ്‌കൂള്‍ അധ്യാപകനുമായ മുഹമ്മജ് ബഷീറിനെയും വെള്ളൂര്‍ പി.എം.എല്‍.പി.എസ്. എച്ച്.എം. സാറാമ്മ വര്‍ഗീസിനെയും കണ്ടെത്തി.