കുടമാളൂര്‍: കഥകളിയുടെ അംബാസിഡറെന്ന നിലയില്‍ വിശേഷിപ്പിക്കപ്പെട്ട കുടമാളൂര്‍ കരുണാകരന്‍ നായരുടെ കലാസപര്യ അതുല്യമാണെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. കുടമാളൂര്‍ കരുണാകരന്‍ നായര്‍ ജന്മശതാബ്ദിയാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.ടി.തോമസ്.

കലാകേന്ദ്രം പ്രസിഡന്റ് പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. 2017ലെ കുടമാളൂര്‍ കരുണാകരന്‍ നായര്‍ സ്മാരക അവാര്‍ഡ് ജേതാവ് പ്രശസ്ത കഥകളിനടന്‍ സദനം കൃഷ്ണന്‍കുട്ടിക്ക് കെ.സുരേഷ് കുറുപ്പ് എം.എല്‍.എ. സമ്മാനിച്ചു.

കലാമണ്ഡലം ഫെലോഷിപ്പ് ജേതാവ് മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, ഫോക്ലോര്‍ ഫെലോഷിപ്പ് ലഭിച്ച പി.ബി.മുരളീധരമാരാര്‍, സ്‌കൂള്‍ കലോത്സവ പ്രതിഭ രാഹുല്‍ ജയചന്ദ്രന്‍ എന്നിവരെ ആദരിച്ചു. അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചന്‍, ആര്‍.പ്രമോദ് ചന്ദ്രന്‍, എം.എസ്.ജയകുമാര്‍, കലാേകന്ദ്രം സെക്രട്ടറി എം.പി.മോഹനചന്ദ്രപ്രതാപ്, എം.ബി.രഘുനാഥന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കര്‍ണശപഥം കഥകളി അരങ്ങേറി.