കോട്ടയം: 'ഭാരതം പാരമ്പര്യമുള്ള രാജ്യമാണ്. എന്നാല്‍ ചെറുപ്പമുള്ള രാഷ്ട്രമാണ്. ഞാനും ചെറുപ്പമാണ്. എനിക്ക് ഒരു സ്വപ്‌നമുണ്ട്. ശക്തിയുള്ള, ആരെയും ആശ്രയിക്കാത്ത രാജ്യമായി ഭാരതം മാറണം. അങ്ങനെ മറ്റു രാജ്യങ്ങള്‍ക്കൊപ്പം മാനവികതയ്ക്കുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രമാണ് എന്റെ സ്വപ്‌നം'- മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ വാക്കുകളാണിത്.
 
പാമ്പാടി രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ രജതജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനവേദിയില്‍ ഈ സ്വപ്‌നങ്ങള്‍ വീണ്ടും ഓര്‍മ്മയിലെത്തി. കോളേജിലെ ആര്‍ക്കിടെക്ച്ചര്‍ വിഭാഗം അദ്ധ്യക്ഷ ഡോ. ബിനുമോള്‍ ടോമാണ് രാജീവിന്റെ പ്രസംഗം അനുസ്മരിച്ചത്.
 
സോണിയാഗാന്ധി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിന്റെ അവതാരകയായിരുന്നു ഡോ. ബിനുമോള്‍ ടോം. വലിയ സ്വപ്‌നങ്ങള്‍ നമ്മള്‍ക്കായി തന്ന രാജീവിന്റെ ബലിദാനവും ചടങ്ങുകള്‍ക്കൊടുവില്‍ ബിനുമോള്‍ അനുസ്മരിച്ചു. വേദിയില്‍നിന്ന് മടങ്ങാന്‍ എഴുന്നേറ്റ സോണിയാഗാന്ധി, ഡോ. ബിനുമോളെ അടുത്തെത്തി അനുമോദിച്ചു. അവതാരകയ്ക് അത് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഒന്നിച്ചുകിട്ടുന്ന അനുഭവമായി.