കോട്ടയം: കേരള വിമോചനയാത്രയുമായി സ്വന്തം തട്ടകത്തിലേക്കെത്തുന്ന സംസ്ഥാന അധ്യക്ഷന് മികച്ച സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബി.ജെ.പി ജില്ലാ നേതൃത്വം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ കോട്ടയത്ത് വരുന്നെന്ന വാര്‍ത്തകൂടിയെത്തിയതോടെ ആവേശം ഇരട്ടിയായി.
 
ഈ ആവേശം പ്രകടമാക്കുന്ന സ്വീകരണമാണ് ജില്ലാ കമ്മിറ്റി വ്യാഴാഴ്ച ഒരുക്കിയത്. കോട്ടയം നഗരവും സമ്മേളനംനടന്ന നെഹ്‌റുസ്റ്റേഡിയവും പാര്‍ട്ടിയുടെ ഹരിത, കുങ്കുമ പതാകകളാല്‍ നിറഞ്ഞിരുന്നു. സ്റ്റേഡിയം തിങ്ങിനിറഞ്ഞ് പ്രവര്‍ത്തകരെത്തി. വനിതകളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ സംസ്ഥാന നേതൃനിരയും വേദിയിലുണ്ടായിരുന്നു. ഉച്ചയ്ക്കു മുമ്പുതന്നെ അണികളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. കത്തുന്ന മകരച്ചൂടിലും ആവേശം വാടിയില്ല.

'ഉണര്‍വി'ന്റെ നാടന്‍പാട്ടോടെയാണ് സമ്മേളനസ്ഥലത്തെ കൂറ്റന്‍ വേദിയുണര്‍ന്നത്. പാര്‍ട്ടി ഉപാധ്യക്ഷന്‍ പി.എം.വേലായുധന്‍, ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, എ.കെ.നസീര്‍ എന്നിവര്‍ ആദ്യ പ്രാസംഗികരായി. 4.45ന് അമിത് ഷാ എത്തി. തൂവെളള കുര്‍ത്തയായിരുന്നു വേഷം. സദസ്സില്‍ ആവേശത്തിരയിളകി. പ്രസംഗപീഠത്തിലുണ്ടായിരുന്ന ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി അധ്യക്ഷന് അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം മുഴക്കി. അണികള്‍ ഏറ്റുവിളിച്ചു.

വേദിയിലെത്തിയ അമിത് ഷാ നിറഞ്ഞചിരിയോടെ ജനത്തെ കൈവീശി അഭിവാദ്യം ചെയ്തു. കുമ്മനം രാജശേഖരനും ഒപ്പമുണ്ടായിരുന്നു. മറിയപ്പള്ളി എന്‍.ഗോപകുമാറിന്റെ വന്ദേമാതരം ഗാനാലാപനത്തോടെ സമ്മേളനംതുടങ്ങി. വൈകാതെ കൂറ്റന്‍ പൂമാലയെത്തി. പാര്‍ട്ടി ജില്ലാകമ്മിറ്റിയുടെ ആദരം. മാലയണിഞ്ഞ അമിത് ഷായ്ക്ക് കിരീടവും ചാര്‍ത്തി. വൈകാതെ പ്രവര്‍ത്തകര്‍ കാത്തിരുന്ന നിമിഷമെത്തി.

പ്രസംഗം തുടങ്ങുന്നതിന് മുമ്പ് അമിത് ഷാ, 'ഭാരത് മാതാ കീ ജയ്' വിളിച്ചു. അത് ഏറ്റുവിളിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. മുദ്രാവാക്യത്തിന്റെ പ്രതിധ്വനി 'ബംഗാള്‍' വരെയെത്തണമെന്നും പറഞ്ഞു. അധ്യക്ഷനായി ചുമതലയേറ്റ കുമ്മനത്തെ അഭിനന്ദിച്ചുകൊണ്ടാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. പാര്‍ട്ടി മുന്‍അധ്യക്ഷന്‍ വി.മുരളീധരന്‍ പ്രസംഗം പരിഭാഷപ്പെടുത്തി. അമിത് ഷായുടെ പ്രസംഗത്തിന് ഒപ്പമെത്താനാകാതെ പരിഭാഷകനും ഇടയ്ക്ക് ഒന്നുപതറി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേരാന്‍ കേരളത്തിലും ബി.ജെ.പി. നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപം കൊള്ളണമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
25 മിനിട്ട് തുടര്‍ന്ന പ്രസംഗം തീരുംമുമ്പ് വീണ്ടും മുദ്രാവാക്യം. ഭാരതമാതാവിന് ജയം നേര്‍ന്ന് അമിത് ഷാ ഉയര്‍ത്തിയ മുദ്രാവാക്യം ഇരുകൈകളും ഉയര്‍ത്തി സദസ്സ് മൂന്ന് തവണ ഏറ്റുവാങ്ങി.