കോട്ടയം: തിരുനക്കര നഗരസഭാ കാര്യാലയത്തിന് മുന്നില്‍ നിര്‍മിക്കുന്ന ആകാശപ്പാതയുടെ പുറത്തെ തൂണുകളില്‍ ഇരുമ്പ് ചട്ടക്കൂട് സ്ഥാപിച്ച് തുടങ്ങി. ശനിയാഴ്ച രാത്രിയാണ് എറണാകുളം, ഇരുമ്പനത്തെ യാര്‍ഡില്‍നിന്ന് ചട്ടക്കൂടെത്തിച്ചത്.

നാല് ചട്ടക്കൂടുകളാണ് ഘടിപ്പിച്ചത്. 200 വ്യാസവും 15 മീറ്റര്‍ നീളവുമുള്ള രണ്ടെണ്ണവും 12 മീറ്റര്‍ നീളവുമുള്ള രണ്ടെണ്ണവുമാണ് തൂണുകളില്‍ ഉറപ്പിച്ചത്. തിരക്ക് കുറവായതിനാലാണ് രാത്രിയില്‍ പണിനടത്തുന്നത്. ട്രെയിലറുകളില്‍ െകാണ്ടുവന്ന ചട്ടക്കൂട് ക്രെയിന്‍ ഉപയോഗിച്ച് തൂണുകള്‍ക്ക് മുകളില്‍ വെച്ച് ആണികള്‍ ഉപയോഗിച്ച് മുറുക്കി. ഇനിയിവ വെല്‍ഡ് ചെയ്ത് ഉറപ്പിക്കും.

മധ്യത്തിലെ തൂണുകളില്‍ കഴിഞ്ഞ ആഴ്ചയാണ് ചട്ടക്കൂട് സ്ഥാപിച്ചത്. പ്‌ളാറ്റ്‌ഫോമിനെയാകെ താങ്ങി നിര്‍ത്താന്‍ ശേഷിയുള്ളതാണിത്. പാതയുടെ ആകെ ഭാരം കേന്ദ്രീകരിക്കുന്നത് മധ്യഭാഗത്താണ്. ഇരുമ്പ് ചട്ടക്കൂടുകളെ തമ്മില്‍ ബന്ധിപ്പിച്ച് പ്‌ളാറ്റ്‌ഫോം നിര്‍മിക്കും. ചെക്വേര്‍ഡ് പ്ലേറ്റുകള്‍ക്ക് മുകളില്‍ വിനൈല്‍ ഫ്‌ലോറിങ് നടത്തും. അതിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്താണ് നടക്കാനുള്ള പ്രതലം നിര്‍മിക്കുന്നത്.