കോട്ടയം: തിരുനക്കര ശ്രീനിവാസഅയ്യര്‍ റോഡരികിലെ ഓട പൊട്ടിയൊഴുകാന്‍ തുടങ്ങിയിട്ട് ആഴ്ച പിന്നിട്ടു. റോഡ് തകര്‍ന്നും തെന്നിവീണും ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായി. മന്ത്രിക്കുള്‍െപ്പടെ പരാതി നല്‍കിയിട്ടും നടപടിയില്ല. ശ്രീനിവാസഅയ്യര്‍ റോഡില്‍ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന് മുന്നിലാണ് ഓടപൊട്ടിയൊഴുകുന്നത്.
 
അസഹ്യമായ ദുര്‍ഗന്ധവും അഴുക്കും ഒലിച്ചിറങ്ങി പരിസരവാസികള്‍ക്കും ബുദ്ധിമുട്ടായി. ബ്രാഹ്മണസമൂഹമഠത്തിന് മുന്നില്‍ വരെ മലിനജലം ഒഴുകിയെത്തുന്നു. മഴ പെയ്തപ്പോള്‍ അങ്ങാടി മാളികയ്ക്ക് സമീപത്തെ വീട്ടുമുറ്റത്ത് മലിനജലം ഉള്‍െപ്പടെ കെട്ടിനിന്നു. വെള്ളം വലിഞ്ഞശേഷം ഗേറ്റിനോട്‌ േചര്‍ന്ന് സിമന്റ് തിട്ട കെട്ടിയുര്‍ത്തിയതിനാല്‍ പിന്നീട് പ്രശ്‌നമുണ്ടായില്ല.

ശനിയാഴ്ച തിരുനക്കര ബ്രാഹ്മണസമൂഹമഠം ഹാളില്‍ എത്തിയവരില്‍ പലരും തെന്നിവീണു. തിരക്കേറെയുള്ള റോഡില്‍ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയം, ബാങ്ക് എംപ്ലോയീസ് ഹാള്‍, ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, ബ്രാഹ്മണസമൂഹമഠം ഹാള്‍ തുടങ്ങിയവയുമുണ്ട്. വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നവര്‍ അഴുക്കുവെള്ളത്തില്‍ ചവിട്ടിയാണ് കടന്നുപോകുന്നത്. റോഡിലെയും അരികിലെയും കുഴികളില്‍ തട്ടി യാത്രക്കാര്‍ വീഴുന്നതും പതിവാണ്.

ശനിയാഴ്ച വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയവര്‍ തെന്നിവീണു. ഉച്ചയോടെ ബ്‌ളീച്ചിങ്പൗഡര്‍ വിതറി ആരോഗ്യവിഭാഗം ജീവനക്കാരെത്തിയെങ്കിലും മഴ തുടങ്ങിയതിനാല്‍ മടങ്ങിപ്പോയി.

നിവേദനം അയച്ചു, നടപടിയില്ല

പൊതുമരാമത്ത് വകുപ്പ് രണ്ടുവര്‍ഷം മുമ്പാണ് അറ്റകുറ്റപ്പണി നടത്തി പുനര്‍നിര്‍മിച്ചത്. അഞ്ച് വര്‍ഷം അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതും വകുപ്പാണ്. പലതവണ ശ്രദ്ധയില്‍ പെടുത്തിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, ചീഫ് എന്‍ജിനീയര്‍, കോട്ടയം ഡിവിഷന്‍ ഓഫീസിലെ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്ക് നിവേദനം അയച്ചിട്ടും നടപടിയില്ല. -ജയശ്രീ കുമാര്‍(കൗണ്‍സിലര്‍, കോട്ടയം നഗരസഭ)

സംഭവം പരിശോധിക്കണം

റോഡ് തകര്‍ന്നത് ശ്രദ്ധയില്‍പെട്ടില്ല. ഓടയുടെ അറ്റകുറ്റപ്പണി നടത്തേണ്ടത് നഗരസഭയാണ്. അതിനുശേഷമേ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനാകൂ. -ചന്ദ്രന്‍ (എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, പൊതുമരാമത്ത് വകുപ്പ് കോട്ടയം ഡിവിഷന്‍).