കോട്ടയം: മാലിന്യം നിറഞ്ഞ് മീനന്തറയാറിലെ വെള്ളം കറുത്തു. കഴിഞ്ഞ ദിവസം പെയ്തമഴയിലാണ് മീനന്തറയാറ്റിലെ വെള്ളത്തില്‍ മാലിന്യം നിറഞ്ഞ് കറുത്ത നിറമായത്. വലിയ ദുര്‍ഗന്ധവും വമിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ സ്വകാര്യ ഫാക്ടറിയില്‍നിന്ന് മീനന്തറയാറിലേക്ക് മലിനജലം ഒഴുക്കിവിട്ടതായി നാട്ടുകാര്‍ ആരോപിക്കുന്നു. മീനന്തറയാറിന്റെ കരയിലുള്ള പാടശേഖരങ്ങളില്‍ വെള്ളം കയറി നെല്ലു ചീഞ്ഞ് ആറ്റിലേക്ക് ഒഴുകിയെത്തിയതും മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു. മീനച്ചിലാറിന്റെ കൈവരിയായ മീനന്തറയാര്‍ കോട്ടയം നഗരത്തിന് സമീപത്തുകൂടിയാണ് ഒഴുകുന്നത്.

അയര്‍ക്കുന്നം, മണര്‍കാട്, ഐരാറ്റുനട, മാലം, വടവാതൂര്‍ തുടങ്ങിയഭാഗങ്ങളില്‍നിന്ന് ഉത്ഭവിക്കുന്ന തോടുകള്‍ വന്നുചേരുന്നത് മിനന്തലയാറിലാണ്. ആറ്റില്‍നിന്ന് വെള്ളം ശേഖരിക്കുന്നവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയേറെയാണ്. മീനന്തറയാര്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ കിണറുകളും മലിനപ്പെട്ടിട്ടുണ്ട്.

മീനന്തറയാറിലേക്ക് മലിനജലം ഒഴുക്കുന്ന സ്വകാര്യഫാക്ടറിക്കെതിരേ മുന്‍വര്‍ഷങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നത്. മലിനജലം ഒഴുക്കുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്

മീനന്തറയാര്‍ മലിനപ്പെട്ടതിനെത്തുടര്‍ന്ന് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഉറവിടം കണ്ടെത്താന്‍ പരിശോധന നടത്തി. സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്

-കെ.അനില്‍ കുമാര്‍,

മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍.