കോട്ടയം: പ്രതിപക്ഷ നേതാവ് നയിക്കുന്ന പടയൊരുക്കം ജാഥ കോട്ടയത്തെത്തും മുമ്പേ കോട്ടയത്തെ കോണ്‍ഗ്രസിനുള്ളില്‍ പട. കോട്ടയം ഡി.സി.സി ഓഫീസിനുള്ളില്‍ നടന്ന നഗരസഭാ കൗണ്‍സിലര്‍മാരുടെ ഏറ്റുമുട്ടലില്‍ തടസം പിടിക്കാനെത്തിയ മറ്റൊരു കൗണ്‍സിലര്‍ക്ക് പരിക്കേറ്റു. ഒരു നഗരസഭാംഗം ഐ ഗ്രൂപ്പ് നേതാവായ മുന്‍ അംഗത്തെ കുടകൊണ്ട് കുത്തുകയായിരുന്നു.

എന്നാല്‍ എ വിഭാഗത്തില്‍പെട്ട മറ്റൊരംഗത്തിന്റെ മുഖത്താണ് കുത്തേറ്റത്. ഓഫീസിനുള്ളിലുണ്ടായിരുന്ന ഡി.സി.സി. പ്രസിഡന്റും മറ്റ് നേതാക്കളും ഇടപെട്ട് കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കി.

ബുധനാഴ്ച വൈകുന്നേരം കോട്ടയം ഡി.സി.സി. ഓഫീസിനുള്ളിലായിരുന്നു സംഭവം.

അടുത്തദിവസം നടക്കേണ്ട നഗരസഭാ ഉപാധ്യക്ഷയുടെ തിരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്. എ, ഐ ഗ്രൂപ്പുകളില്‍പെട്ടവര്‍ തമ്മിലായിരുന്നു സംഘര്‍ഷം. മുന്‍ധാരണ പ്രകാരം കഴിഞ്ഞ ദിവസം നിലവിലുണ്ടായിരുന്ന ഉപാധ്യക്ഷ രാജിവച്ചു.

നേരത്തെയുണ്ടാക്കിയ കരാര്‍ അനുസരിച്ച് ഡി.സി.സി. ഭാരവാഹിയുടെ ഭാര്യയ്ക്കാണ് അടുത്ത ഊഴം. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നതിനാല്‍ ഇവരെ ഉപാധ്യക്ഷയാക്കാന്‍ അനുവദിക്കില്ലന്ന നിലപാടാണ് ഐ ഗ്രൂപ്പിനുള്ളത്. അമ്മയുടെ പേരില്‍ നഗരസഭയുടെ കോട്ടയം റസ്റ്റ് ഹൗസിലെ മുറികളെടുത്ത് മറിച്ചുവിറ്റതിനും ഈ അംഗത്തിന്റെ ഭാര്യക്കെതിരെ വിജിലന്‍സ് കേസുണ്ട്. നിലവില്‍ ഇവരുടെ അമ്മയുെട പേരില്‍ ഇപ്പോഴും റെസ്റ്റ് ഹൗസില്‍ ഏഴ് മുറികളുണ്ടെന്നാണ് ആരോപണം.

ഇതില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കയാണ്. അതിനാല്‍ ഇവരെ ഉപാധ്യക്ഷയാക്കരുതെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. ഐ വിഭാഗം ഇത് പരസ്യമായി പറയുകയും ചെയ്തു. എന്നാല്‍ ഉപാധ്യക്ഷ സംബന്ധിച്ച് ജില്ലാ നേതൃത്വം നേരത്ത ധാരണയുണ്ടാക്കിയിരുന്നതാണെന്ന ഡി.സി.സി. സെക്രട്ടറിയുടെ വാദം വാക്കേറ്റത്തിലെത്തുകയായിരുന്നു. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച തര്‍ക്കം രൂക്ഷമാകുമെന്ന സൂചനയാണ് ഐ ഗ്രൂപ്പ് നല്‍കുന്നത്.

ജോഷി ഫിലിപ്പ്(ഡി.സി.സി. പ്രസിഡന്റ്)

ഡി.സി.സി. ഓഫീസില്‍ സംഘര്‍ഷമുണ്ടായതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഉപാധ്യക്ഷ സ്ഥാനത്തെ കുറിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ജനശ്രദ്ധയാകര്‍ഷിക്കാനുള്ള നടപടിയായി മാത്രമേ കാണുന്നുള്ളൂ.