കോട്ടയം: കേരളത്തിന്റെ ജയത്തോടെ കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‌ െഎശ്വര്യതുടക്കം. രണ്ടുതവണ കേരളത്തെ പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയോട് കോട്ടയത്ത് കേരളം പകരം ചോദിച്ചു. വനിതകള്‍ പങ്കെടുത്ത രാജ്യാന്തര ഹുപ്പത്തോണ്‍ സീരിസില്‍ 55-നെതിരെ 64 പോയിന്റുിനാണ് കേരളം ഓസ്‌ട്രേലിയയെ ചുരുട്ടിക്കെട്ടിയത്. കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ആദ്യമത്സരമായിരുന്നു വ്യാഴാഴ്ച നടന്ന രാജ്യാന്തര ഹുപ്പത്തോണ്‍ .

ആവേശകരമായ മത്സരം തുടങ്ങിയപ്പോള്‍ കേരള പോസ്റ്റിലേക്ക് പോയിന്റ്കളുടെ നിര പായിച്ച് ഓസ്‌ട്രേലിയ മുന്നേറുന്നതാണ് കണ്ടത്. ആദ്യപോയിന്റ് ഓസ്‌ട്രേലിയയാണ് നേടിയത്.

കളിതുടങ്ങി ഇരുപത് മിനിറ്റിനുള്ളില്‍ 14-നെതിരെ 13-പോയിന്റ് നേടിയതോടെ കേരള ക്യാമ്പില്‍ ആത്മവിശ്വാസം കൂടി. തുടര്‍ന്ന് കേരളത്തിന്റെ പടയോട്ടം തുടങ്ങുകയായിരുന്നു.

ആദ്യക്വാര്‍ട്ടര്‍ മത്സരം കഴിഞ്ഞതോടെ 27-22 എന്ന വ്യക്തമായ ലീഡിലേക്ക് കേരളം മുന്നേറി. എന്നാല്‍ മത്സരം പകുതിയിലെത്തിയപ്പോള്‍ കേരളത്തിന്റെ മുന്നേറ്റം 28-25-ലേക്ക് ചുരുങ്ങിയത് കേരളക്യാമ്പില്‍ ആശങ്കയുണ്ടാക്കി. മൂന്നു ക്വാര്‍ട്ടര്‍ പൂര്‍ത്തിയായപ്പോള്‍ 47-42 നിലയിലായി. കളി അവസാനിക്കാന്‍ മൂന്നുമിനിട്ട് അവശേഷിക്കുമ്പോള്‍ 63-52. അവിടെ നിന്ന് ജയത്തിലേക്ക്.

മത്സരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. ജോസ് കെ.മാണി, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍.സോന എന്നിവര്‍ പ്രസംഗിച്ചു.

ഓസ്‌ട്രേലിയയിലെ പ്രൊഫഷണല്‍ ക്ലബായ റിങ്വുഡ് ഹോക്‌സ് വനിതാ ടീമും ദേശീയചാമ്പ്യന്മാരായ കേരള വനിതാ ടീമുമാണ് ഏറ്റുമുട്ടിയത്.

ഹൂപ്പത്തോണ്‍ മത്സരത്തിലെ മൂന്നാമത്തെ മത്സരമാണ് കോട്ടയത്ത് നടന്നത്. ആദ്യരണ്ടുമത്സരങ്ങളിലും ഓസ്‌ട്രേലിയ വിജയിച്ചു. തൃശ്ശൂരിലും കോഴിക്കോടുമായി രണ്ടുമത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്.