കോട്ടയം: നെല്ല് സംഭരണത്തില്‍ മില്ലുടമകളും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള നാടകം അവസാനിപ്പിച്ച് കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകസംഘം അവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കര്‍ഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയത്തും വൈക്കത്തും വഴിതടയല്‍ സമരം നടത്തി.

നൂറുണക്കിന് കര്‍ഷകര്‍ പങ്കെടുത്ത സമരം കോട്ടയത്ത് സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി ടി.ആര്‍.രഘുനാഥനും വൈക്കത്ത് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ.ഹരികുമാറും ഉദ്ഘാടനം ചെയ്തു.

നെല്ല് സംഭരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുടമകള്‍ നടത്തുന്ന അന്യായ കിഴിവ് അവസാനിപ്പിക്കുക, 1000 നെല്‍മണിക്ക് 26 ഗ്രാം തൂക്കം വേണമെന്ന കടുംപിടിത്തം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

റൈസ് മില്ലുകള്‍ ഭൂരിപക്ഷവും സ്വകാര്യ മേഖലയിലാണ്. ഇത് മുതലാക്കി മില്ലുടമകള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിഐടിയു ജില്ലാ സെക്രട്ടറി ടി.ആര്‍. രഘുനാഥന്‍ പറഞ്ഞു.

കോട്ടയം നഗരത്തില്‍ ഗാന്ധി പ്രതിമയ്ക്ക് സമീപം ഹെഡ് പോസ്റ്റ് ഓഫീസ് റോഡിലായിരുന്നു വഴിതടയല്‍. കര്‍ഷകസംഘം സംസ്ഥാനകമ്മിറ്റിയംഗം പ്രൊഫ. ആര്‍ നരേന്ദ്രനാഥ് അധ്യക്ഷനായി.

കര്‍ഷകസംഘം ജില്ലാ സെക്രട്ടറി കെ.എം. രാധാകൃഷ്ണന്‍, സി.എന്‍. സത്യനേശന്‍, ടി.എം. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.