കോട്ടയം: വേറിട്ട തൊഴില്‍ സാധ്യതകളെക്കുറിച്ച് മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യാ പബ്ലിക് സ്‌കൂളില്‍ സംവാദം നടത്തി. പരമ്പരാഗത പഠനരീതികളും അതിലൂടെ ലഭിക്കുന്ന തൊഴിലുമാണ് നല്ലതെന്ന് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ വാദിച്ചു. എന്നാല്‍, വേറിട്ടവഴികളിലൂടെ സഞ്ചരിക്കുന്നവരാണ് എന്നും ചരിത്രം രചിക്കുന്നതെന്ന് ഇവരെ എതിര്‍ത്തവര്‍ അഭിപ്രായപ്പെട്ടു.

വേറിട്ട തൊഴില്‍സാധ്യതകള്‍, 'റീഇമാജിന്‍ ദി ഫ്യൂച്ചര്‍' എന്ന പേരില്‍ മാതൃഭൂമി പരിചയപ്പെടുത്തുകയാണ്. സംവാദത്തില്‍ ഇരുപക്ഷത്തുനിന്നുമുള്ള പാര്‍വതി, കാല്‍വിന്‍, ഓസ്റ്റിന്‍, അബിന്‍, ജിസ് എന്നിവര്‍ സമ്മാനാര്‍ഹരായി.

പരമ്പരാഗത തൊഴില്‍മേഖലകളാണ് രാജ്യത്തിന് കൂടുതല്‍ ഗുണപ്പെടുകയെന്ന് അതിനെ അനുകൂലിച്ചവര്‍ പറഞ്ഞു. ഈ മാര്‍ഗത്തിലൂടെ നീങ്ങുന്നവര്‍ക്ക് നിലവിലുള്ള സംവിധാനങ്ങളുടെയും രക്ഷിതാക്കളുടെയും പിന്തുണ കിട്ടും. പഠിച്ച മാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കുന്നവര്‍ മറ്റൊരാളുടെ പഠനാവസരം നഷ്ടപ്പെടുത്തുകയാണെന്നും ഇവര്‍ പറഞ്ഞു.

തങ്ങള്‍ക്ക് സംതൃപ്തി നല്‍കുന്ന തൊഴില്‍ തിരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന്, പുതുമയുള്ള തൊഴിലുകളെ അനുകൂലിച്ചവര്‍ പറഞ്ഞു. ജീവിതം കൂടുതല്‍ ചലനാത്മകമാക്കാന്‍ ഇത് സഹായിക്കും. പണസമ്പാദനത്തിനുമാത്രം ഊന്നല്‍ നല്‍കുന്ന തൊഴില്‍ സമ്പ്രദായം മാറണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുജാ കെ.ജോര്‍ജ്, മാതൃഭൂമി സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.ശ്രീജിത്ത്, മാതൃഭൂമി കോട്ടയം യൂണിറ്റ് മാനേജര്‍ ടി.സുരേഷ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ അഞ്ജു ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. സുസ്മി ദേവസ്യ, ഡി.അജിത്കുമാര്‍ എന്നിവര്‍ മോഡറേറ്റര്‍മാരായി.