കോട്ടയം: എം.ടി.സെമിനാരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലെ തേന്‍വരിക്കപ്ലാവിനെ ആദരിച്ചു. 1933-ല്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഡോ.യൂഹാനോന്‍ മാര്‍ത്തോമ്മായാണ് ഈ വൃക്ഷം നട്ടത്. അക്ഷരാര്‍ത്ഥത്തില്‍ ആയിരം പൂര്‍ണചന്ദ്രനെ കണ്ട വേളയിലാണ് ചടങ്ങ് നടന്നത്.

തന്റെ ഓര്‍മ്മകളില്‍ ഈ പ്ലാവിന്റെ പഴയ രൂപമുണ്ടെന്ന്, നിലാപ്ലാവ് എന്ന് പേരിട്ട പരിപാടി ഉദ്ഘാടനം ചെയ്ത പൂര്‍വവിദ്യാര്‍ഥികൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.പറഞ്ഞു. അദ്ദേഹം പ്ലാവിന് പൊന്നാട ചാര്‍ത്തി.

ആയിരക്കണക്കിന് പ്ലാവുകള്‍ നട്ട പ്ലാവ് ജയനെയും ആദരിച്ചു. പ്ലാവും മാവും ഉള്‍പ്പെടെയുള്ളവയുടെ ബഡ്ഡിനങ്ങള്‍ മാത്രം നടുന്ന ഇന്നത്തെ രീതിയോട് യോജിപ്പിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കുരുവും കായും നട്ട്, മാതൃവൃക്ഷത്തിന്റെ ഗുണങ്ങള്‍ തൈകളിലേക്ക് പകരാനുള്ള സാങ്കേതികവിദ്യ വളര്‍ത്തിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കേരള വനം വന്യജീവി ബോര്‍ഡംഗം കെ.ബിനു മുഖ്യപ്രഭാഷണം നടത്തി.

പരിസ്ഥിതിപ്രവര്‍ത്തനം, വിനിമയപാഠം എന്നിവയുടെകൂടി ഭാഗമായാണ് നിലാപ്ലാവ് സംഘടിപ്പിച്ചത്. എം.ടി.എച്ച്.എസ്.എസ്. പ്രഥമാധ്യാപകന്‍ ഡോ.ജോണ്‍സ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

വിശിഷ്ടാതിഥികളെ പ്ലാവിലത്തൊപ്പി അണിയിച്ച് പ്ലാവിലമാല ചാര്‍ത്തി സ്വീകരിച്ചു. എല്ലാവര്‍ക്കും ചക്ക ഉപ്പേരി നല്‍കി.

ശതാഭിഷിക്തനായ തേന്‍വരിക്കപ്ലാവിന്റെ ചുവട്ടിലാണ് ചടങ്ങുകള്‍ നടന്നത്. ഒന്‍പതാംക്ലാസ്സിലെ മലയാളം പുസ്തകത്തിലുള്ള തേന്‍വരിക്കപ്ലാവ് എന്ന പാഠഭാഗത്തിന്റെ നാടകാവതരണവും ഉണ്ടായിരുന്നു.

കുട്ടികള്‍ക്കെല്ലാം തുണിസഞ്ചി വിതരണം ചെയ്തു. ഷീലമ്മ ജേക്കബ്ബ്, മേരി കെ.ജോണ്‍, അനു ടി.ജേക്കബ്, മോന്‍സി ജോര്‍ജ്, അനിലാ ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു.