കോട്ടയം: കുടമാളൂരിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലും മാതൃ ഇടവകയായ കുടമാളൂര്‍ സെന്റ്‌മേരീസ് ഫൊറോനാ പള്ളിയിലും നടന്ന അല്‍ഫോന്‍സ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത ആയിരങ്ങള്‍ അനുഗ്രഹം നേടി.

ചങ്ങനാശ്ശേരി അതിരൂപതാ ചെറുപുഷ്പമിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍നിന്ന് തീര്‍ത്ഥാടകര്‍ രാവിലെ മുതല്‍ എത്തിക്കൊണ്ടിരുന്നു. 29-ാമത് അല്‍ഫോന്‍സാ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി രാവിലെ അല്‍ഫോന്‍സാ ഭവനില്‍ ഫാ.എബ്രഹാം വെട്ടുവയലിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാന വേളയില്‍ ചങ്ങനാശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും ഫാ.സിറിയക് കോട്ടയിലിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിക്ക് സഹായമെത്രാന്‍ മാര്‍തോമസ് തറയിലും സന്ദേശം നല്‍കി.

രാവിലെ കുടമാളൂര്‍ പള്ളിയിലും, വിശുദ്ധ കുര്‍ബാന ഉണ്ടായിരുന്നു. വിവിധ സമയങ്ങളില്‍ നടന്ന വിശുദ്ധ കുര്‍ബാനകള്‍ക്ക് ഫാ.മീഖായേല്‍ കിണങ്ങംചിറ, ഫാ.ഫിലിപ്പോസ് കാപ്പിതോട്ടം, റവ.ഫാ.മാണിപുതിയിടം, റവ.ഡോ.ജോബി കറുകപ്പറമ്പില്‍ എന്നിവര്‍ കാര്‍മ്മികരായി.

മാന്നാനം ആശ്രമം, കുടമാളൂര്‍, അതിരമ്പുഴ, കോട്ടയം, നെടുങ്കുന്നം, മണിമല, തൃക്കൊടിത്താനം, ചങ്ങനാശ്ശേരി, തുരുത്തി, പള്ളം, കുറുമ്പനാടം, എന്നീ മേഖലകള്‍ക്ക് പുറമേ എടത്വ, ആലപ്പുഴ, ചമ്പക്കുളം, പുളിങ്കുന്ന് എന്നിവിടങ്ങളില്‍ നിന്നും അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹം തേടി തീര്‍ത്ഥാടകര്‍ എത്തി.

ചെറുപുഷ്പ മിഷന്‍ ലീഗ് ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റുമാരായ കെ.ആശിഷ്‌ജോ, സോജന്‍ ചാക്കോ, കണ്‍വീനര്‍മാരായ ജോണ്‍സണ്‍ കാഞ്ഞിരക്കാട്ട്, ഷിബു കെ.തോമസ്, സാബു വര്‍ഗീസ് മറ്റത്തില്‍, കുടമാളൂര്‍ പള്ളി വികാരി ഫാ.എബ്രഹാം വെട്ടുവയലില്‍, ഫാ. ജിജോ മുട്ടേല്‍, സിസ്റ്റര്‍ അനിത, ഫാ.ജോബി കറുകപ്പറമ്പില്‍, ഫാ.ജോസി പൊക്കാവരയത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.