കറുകച്ചാല്‍: മുന്‍പില്‍ പോയ സ്വകാര്യബസ് നടുറോഡില്‍ പെട്ടെന്ന് നിര്‍ത്തി. പിന്നാലെ എത്തിയ ടിപ്പര്‍ ലോറികള്‍ കൂട്ടിയിടിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലരയ്ക്ക് ചങ്ങനാശ്ശേരി-വാഴൂര്‍ റോഡില്‍ മിസംപടിയിലായിരുന്നു അപകടം.
 
ചങ്ങനാശ്ശേരിയില്‍നിന്ന് കറുകച്ചാലിലേക്ക് വരുകയായിരുന്ന സ്വകാര്യബസ് മിസംപടിയില്‍നിന്ന യാത്രക്കാരിയെ കയറ്റാന്‍ പെട്ടെന്ന് റോഡില്‍ നിര്‍ത്തുകയായിരുന്നു.ബസിന് തൊട്ടുപിന്നാലെ എത്തിയ ടിപ്പര്‍ ലോറി ഉടന്‍ നിര്‍ത്തിയപ്പോള്‍ പിന്നാലെ വന്ന മറ്റൊരു ടിപ്പര്‍ ഇടിച്ചുകയറുകയായിരുന്നു.
 
ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. വാഹനങ്ങള്‍ റോഡിന്റെ മധ്യഭാഗത്ത് ആയിരുന്നതിനാല്‍ വാഴൂര്‍ റോഡില്‍ 15 മിനിറ്റോളം ഗതാഗതം സ്തംഭിച്ചു. കറുകച്ചാല്‍ പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.