കടുത്തുരുത്തി: എണ്‍പത്തെട്ടുകാരിയായ വല്ല്യമ്മ ബാങ്കില്‍ നിക്ഷേപിച്ച 1,60,000 രൂപ കൊച്ചുമക്കള്‍ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ചു തട്ടിയെടുത്തു. കാട്ടാമ്പാക്ക് പ്രസാദമന്ദിരത്തില്‍ സരോജിനി കുഞ്ഞുക്കുട്ടി(88)യുടെ പണമാണ് നഷ്ടപ്പെട്ടത്. സരോജിനിയമ്മയുടെ മകന്റെ മക്കളായ ദിവ്യമോള്‍(36), ബിന്ദു മോള്‍(44) എന്നിവരാണ് പണം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് സരോജിനിയമ്മ തനിച്ചായിരുന്നു താമസം. ഉണ്ടായിരുന്ന സ്ഥലം മക്കള്‍ക്ക് വീതംവെച്ചു നല്‍കി. തുടര്‍ന്ന് നാലുസെന്റ് സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്.

മകന്റെ വിവാഹമോചിതരായ പെണ്‍മക്കള്‍ വീടു വെയ്ക്കുന്നതിനായി സ്ഥലം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ തന്റെ പേരിലുണ്ടായിരുന്ന മൂന്ന് സെന്റ് സ്ഥലം ഒന്നര ലക്ഷം രൂപയ്ക്ക് അവര്‍ക്ക് നല്‍കി. ഇവര്‍ സരോജിനിയമ്മയുടെ പേരില്‍ പണം ബാങ്കില്‍ നിക്ഷേപിക്കുകയും പാസ് ബുക്ക് പതിപ്പിച്ചു കൈമാറുകയും ചെയ്തു. പീന്നിട് തപാലിലൂടെയെത്തിയ എ.ടി.എം.കാര്‍ഡ് യുവതികള്‍ പോസ്റ്റുമാന്റെ പക്കല്‍നിന്ന് ഒപ്പിട്ടുവാങ്ങി പണം പലപ്പോഴായി പിന്‍വലിച്ചു.

സരോജിനിയമ്മ മരുന്ന് വാങ്ങുന്നതിനായി പണമെടുക്കാന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് അക്കൗണ്ടിലുണ്ടായിരുന്ന ഒന്നരലക്ഷവും പെന്‍ഷന്‍ ലഭിച്ച പണവും നഷ്ടപ്പെട്ടതായി അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നെന്ന് കടുത്തുരുത്തി എസ്.ഐ. കെ.കെ.ഷംസു പറഞ്ഞു. പ്രതികളെ വൈക്കം കോടതിയില്‍ ഹാജരാക്കി.