പനച്ചിക്കാട്: പാണ്ടിമേളത്തില്‍ നടന്‍ ജയറാമിന്റെ അരങ്ങേറ്റം പനച്ചിക്കാട് ദക്ഷിണമൂകാംബിയില്‍. സരസ്വതീേക്ഷത്രത്തിന്റെ തിരുമുറ്റത്ത് വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 10 മണിവരെയാണ് മേളം. ജയറാമിന്റെ ഗുരു മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും നൂറില്‍പരം കലാകാരന്മാരും മേളത്തിന് കൊഴുപ്പേകും.

ജയറാം കുടുംബസമേതമാണ് അരങ്ങേറ്റത്തിന് എത്തുന്നത്. കലകള്‍ അരങ്ങേറുന്നതില്‍ പനച്ചിക്കാട് ക്ഷേത്രത്തിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഇവരെത്തുന്നത്. ജയറാമിന്റെ മകന്‍ കാളിദാസനെ എഴുത്തിനിരുത്തിയതും ഇവിടെയാണ്. ക്ഷേത്രത്തിലെ ആനക്കൊട്ടിലിലാണ് അരങ്ങേറ്റം നടക്കുക. പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.

മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി യജ്ഞാചാര്യനായുള്ള ഭാഗവത സപ്താഹയജ്ഞം 26 മുതല്‍ ജൂണ്‍ മൂന്നു വരെ നടക്കും. വെള്ളിയാഴ്ച വൈകീട്ട് 3ന് ഭാഗവതമാഹാത്മ്യ പ്രഭാഷണം നടക്കും. യജ്ഞവേദിയില്‍ ദിവസവും രാവിലെ 6ന് വിഷ്ണുസഹസ്രനാമം, 6.45ന് ഭാഗവതപാരായണം, 8.00, 11.00, 3.00, 5.30 എന്നീ സമയങ്ങളില്‍ പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട് എന്നിവയുണ്ട്.